27 July, 2026 12:48:04 PM
കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് ശനിയാഴ്ച മരിച്ചത്. സംഭവത്തിൽ കുണ്ടറ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ സിയാദിന്‍റെ മുതുകത്ത് ഇടിച്ചെന്നും വാരിയെല്ല് പൊട്ടിയെന്നും കുടുംബം ആരോപിച്ചു.
കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ജൂൺ 16ന് രാത്രിയാണ് അയൽവാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയത്.
പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കസ്റ്റഡിയിലെടുത്ത സമയം സിയാദ് തന്‍റെ ഭാര്യയെ വിളിച്ച് പൊലീസ് മർദിക്കുന്നെന്നും ഉടൻ എത്തണമെന്നും വിളിച്ചറിയിച്ചിരുന്നു. പൊലീസിന്‍റെ ക്രൂരമായ മർദനവും പരിക്കുകളും കാരണം അവശനായ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനിൽ വെച്ച് യുവാവിനെ ക്രൂരമായി മർദിച്ചതായും എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ലാത്തിയും തോക്കും ഉപയോഗിച്ച് ഉപദ്രവിച്ചെന്നും കുടുംബം പറഞ്ഞു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.







