01 October, 2026 07:22:12 PM


മാണി സി കാപ്പന്റെ അയോഗ്യത: നിയമപ്രകാരം ഉചിതമായ നടപടിയെടുക്കാൻ ‌സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം



കൊച്ചി: ചെക്ക് തട്ടിപ്പ് കേസുകളിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെത്തുടർന്ന് പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രവാസി വ്യവസായി ദിനേശ് മേനോൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. പാലാ നിയോജക മണ്ഡലം ഒഴിവുവന്നതായി പ്രഖ്യാപിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നും ഉപതെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

മാണി സി. കാപ്പനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഇതിനകം തന്നെ സ്പീക്കറുടെ പരിഗണനയിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അയോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതിക്ക് പരിമിതികളുണ്ട്. ശിക്ഷാവിവരങ്ങൾ സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും ഔദ്യോഗിക നിവേദനം നിലവിലുള്ളതിനാലും, ഭരണഘടനാ തത്വങ്ങളും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും മുൻനിർത്തി സ്പീക്കർ തന്നെ എത്രയും വേഗം കാലതാമസമില്ലാതെ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുംബൈയിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (ബോറിവിലി 43-ാം കോടതി) സെപ്റ്റംബർ ഒന്നിനാണ് ദിനേശ് മേനോൻ നൽകിയ നാല് ചെക്ക് കേസുകളിൽ മാണി സി. കാപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി തടവുശിക്ഷ വിധിച്ചത്. ഒരു കേസിൽ ഒരു വർഷം തടവും 1.2 കോടി രൂപ നഷ്ടപരിഹാരവും, മറ്റ് രണ്ട് കേസുകളിൽ ഒരു വർഷം വീതം തടവും 1.70 കോടി രൂപ വീതം നഷ്ടപരിഹാരവും, നാലാമത്തെ കേസിൽ ആറ് മാസം തടവും 70 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് വിധിച്ചത്. നാല് കേസുകളിലുമായി മൊത്തം മൂന്നര വർഷത്തെ തടവുശിക്ഷയാണ് കാപ്പന് ലഭിച്ചത്. ശിക്ഷിക്കപ്പെട്ട തീയതി മുതൽ കാപ്പനെ അയോഗ്യനാക്കണമെന്ന് കാണിച്ച് പരാതിക്കാരൻ നേരത്തെ സ്പീക്കറെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ഹൈക്കോടതിയിലെത്തിയത്.

എന്നാൽ, ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് മാണി സി. കാപ്പൻ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഒരു എംഎൽഎയെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ കൃത്യമായ വ്യവസ്ഥകളുണ്ടെന്നും ആർട്ടിക്കിൾ 192 പ്രകാരം ഇത്തരം വിഷയങ്ങൾ ഗവർണറുടെ പരിഗണനയ്ക്കാണ് വിടേണ്ടതെന്നും കാപ്പൻ വാദിച്ചു. ഒരൊറ്റ ഇടപാടിൽ നിന്നുള്ളതാണെങ്കിൽപ്പോലും നാല് വ്യത്യസ്ത കേസുകളിലെ വിധികൾ വെവ്വേറെയാണെന്നും, ഒരു കേസിലും ശിക്ഷ രണ്ട് വർഷത്തിന് മുകളിലില്ലാത്തതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം തനിക്ക് സ്വമേധയാ ഉള്ള അയോഗ്യത ബാധകമല്ലെന്നും കാപ്പൻ വാദിച്ചിരുന്നു. ഇരുപക്ഷത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ സ്പീക്കർക്ക് കോടതി നിർദ്ദേശം നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933