01 October, 2026 12:54:08 PM
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ട് പോയില്ലെന്ന ഭാര്യയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. കേസിൽ അഡ്വ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് നിയമിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബഷീറിന്റെ കുടുംബം സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
വിചാരണക്കോടതി മാറ്റണം, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നീ കാര്യങ്ങള്‍ ഉന്നയിച്ച് ജസീല കോടതിയെ സമീപിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായിരുന്നില്ല. ഇതിനെതിരെയാണ് കെഎം ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വിചാരണ സ്റ്റേ ചെയ്ത് പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്.
2019 ആഗസ്റ്റ് മൂന്നിനാണ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.






