23 September, 2026 02:16:59 PM
സിഎംആര്‍എല്‍ കേസ്: ഇഡി തന്ന തെളിവുകള്‍ പരിശോധിക്കണം- ഡിജിപി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസിലെ ഇഡി കത്തില്‍ ആദ്യം നടക്കുന്നത് പ്രാഥമിക അന്വേഷണം എന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ആദ്യം വിജിലന്‍സ് അന്വേഷണം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് പ്രഥമിക അന്വേഷണം നടത്തും. എസ്‌ഐടി രൂപീകരിച്ച് ഉത്തരവ് ഉടന്‍ ഇത്തരവിറക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇഡി തന്ന തെളിവുകള്‍ പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇഡിയുടെ തെളിവുകളില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലെന്നും കേസ് എടുക്കാന്‍ പ്രഥമിക പരിശോധന നടത്തണമെന്നുമാണ് ഡിജിപി വ്യക്തമാക്കിയത്. അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്‌ഐടി രൂപീകരിച്ചാല്‍ ഇ ഡി ഉദ്യോഗസ്ഥരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. ഇഡി കത്തിലെ ഹവാല ഇടപാട് പരാമര്‍ശങ്ങളും അന്വേഷണ പരിധിയില്‍ വരും എന്നാണ് വിവരം. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അന്വേഷണം നടത്താനുള്ള തീരുമാനം. ഏത് നിലയിലുള്ള അന്വേഷണമാണ് നടത്തേണ്ടത് എന്നതിൽ സംസ്ഥാന പൊലീസ് മേധാവി ആകും തീരുമാനമെടുക്കുക എന്നാണ് അറിയിച്ചത്.






