11 May, 2026 05:50:27 PM
നേപ്പാളിലെ വിമാനത്താവളത്തിൽ തുർക്കി എയർലൈൻസ് വിമാനത്തിന് തീപിടിച്ചു

കാഠ്മണ്ഡു: ഇസ്താംബൂൾ നിന്നും നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ ഇറങ്ങവേ തുർക്കി എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ഇന്ന് രാവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് തുർക്കി എയർലൈൻസ് വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിൽ തീ പിടിത്തമുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. റൺവേയിലുടെ നീങ്ങുമ്പോൾ വിമാനത്തിന്‍റെ ടയറുകളിൽ നിന്നും പുക ഉയരുന്ന് വീഡിയോയിൽ വ്യക്തമായി കാണാം. വിമാനക്കിൽ ഈ സമയം 289 പേരാണ് ഉണ്ടായിരുന്നത്.
വിമാനത്തിന്‍റെ ടയറിന് തീ പിടിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഇസ്താംബൂളിൽ നിന്നുള്ള TK726 എന്ന യാത്ര വിമാനത്തിൽ ഈ സമയം 278 യാത്രക്കാരും 11 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തീ പിടിത്തം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിമാനത്താവളം സുരക്ഷാ ജീവനക്കാരെത്തി തീ അണയ്ക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ ചില യാത്രക്കാർക്ക് നിസാര പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനത്തിന്‍റെ അടിയന്തര രക്ഷാ വാതിലിലൂടെ യാത്രക്കാർ പുറത്തിങ്ങുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു.





