03 November, 2026 10:58:08 AM


ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു



ഒമാൻ: ഒമാൻ തീരത്തിന് സമീപം 14 ക്രൂ അംഗങ്ങളുമായി സഞ്ചരിച്ച ഇന്ത്യൻ കപ്പലിന് നേരെ തിരിച്ചറിയാത്ത വ്യോമ വസ്തു പതിച്ചുണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. നവംബർ 2നാണ് ദാരുണമായ ഈ സംഭവം നടന്നത്. ഗുജറാത്ത് സ്വദേശിയായ ഗന്ധർ നഹീം അജിജ് ആണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോണോവാൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

'എം എസ് വി അൽ യൂസുഫി' എന്ന ഇന്ത്യൻ പതാകയുള്ള മോട്ടോറൈസ്ഡ് സെയിലിംഗ് വെസലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിലുണ്ടായിരുന്ന 13 ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി ഒഴിപ്പിച്ച് രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ അജിജ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മന്ത്രി, രക്ഷപ്പെട്ട 13 ജീവനക്കാർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ഉറപ്പാക്കാനും അജിജിന്റെ മൃതദേഹവും ബാക്കി ജീവനക്കാരെയും വേഗത്തിൽ നാട്ടിലെത്തിക്കാനും ഒമാനിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920