14 November, 2026 10:30:01 AM
സാങ്കേതിക തകരാർ പരിഹരിച്ചു: അമേരിക്കയിൽ വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു

വാഷിങ്ടൺ: അമേരിക്കയിലുടനീളം വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് വിമാന സർവീസുകൾക്ക് വീണ്ടും അനുമതി. വെള്ളിയാഴ്ച ഉച്ചയോടെ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ 'ഗ്രൗണ്ട് സ്റ്റോപ്പ്' പിൻവലിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. എന്നാൽ, മണിക്കൂറുകൾ നീണ്ട സ്തംഭനാവസ്ഥ സൃഷ്ടിച്ച യാത്രാ പ്രതിസന്ധി പൂർണമായി ഒഴിയാൻ സമയമെടുക്കുമെന്നും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം യു എസ് വ്യോമയാന ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനാണ് വെള്ളിയാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. 2023 ജനുവരിയിൽ സമാനമായ രീതിയിൽ കമ്പ്യൂട്ടർ തകരാറിനെത്തുടർന്ന് ചെറിയൊരു ഇടവേളയിൽ വിമാനങ്ങൾ നിർത്തിവെച്ചിരുന്നു. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ വാർത്താവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് രാജ്യത്തെ 22 പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങളെയും ബാധിച്ചത്. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കാൻ ഉത്തരവിടുകയായിരുന്നു. യൂറോപ്പിൽ നിന്നടക്കം യു എസിലേക്കുള്ള രാജ്യാന്തര സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.



