10 September, 2026 10:43:16 AM


ഫിലിപ്പീൻസിൽ ഫെറി ബോട്ടിന് തീപിടിച്ചു; 5 പേർക്ക് ദാരുണാന്ത്യം; നിരവധി പേരെ കാണാനില്ല



ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ 87 പേരെ കാണാതായതായും ഫിലിപ്പീൻ കിൽ കോസ്റ്റ് ഗാർഡ് അറിയിച്ചു. പലാവൻ പ്രവിശ്യയ്ക്ക് സമീപം കടലിൽ വെച്ചാണ് അപകടമുണ്ടായത്.

എം/വി ജൂൺ ആസ്റ്റർ എന്ന ഫെറിയിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ തീപിടിത്തമുണ്ടായത്. കരയിൽ നിന്ന് ഏകദേശം 2.2 കിലോമീറ്റർ അകലെ ഉൾക്കടലിൽ വെച്ചായിരുന്നു അപകടം. കപ്പൽ പൂർണമായി തീയിൽ എരിഞ്ഞുനശിക്കുന്നതിന്റെ ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

കപ്പലിൽ ആകെ 134 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 42 പേരെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടുണ്ടെന്നും എന്നാൽ 87 പേരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ നോമി കയാബ്യാബ് വ്യക്തമാക്കി. രക്ഷപ്പെടുത്തിയവരിൽ 38 പേർ യാത്രക്കാരും 4 പേർ ജീവനക്കാരുമാണ്. മനിലയിൽ നിന്നാണ് ഫെറി പുറപ്പെട്ടതെന്നാണ് മറൈൻ ട്രാഫിക് ഡാറ്റ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301