15 October, 2026 09:47:14 AM
ജർമനിയിൽ ഫ്ലാറ്റിനു തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്ക് പരിക്ക്; ഒരാൾ അറസ്റ്റിൽ

ബെർലിൻ: ജർമിനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മനഃപൂർവ്വം തീവച്ചതാണെന്നാണ് പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ 41 വയസുള്ള റൊമാനിയൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന യുവാവാണ് അറസ്റ്റിലായത്.
തീപിടിത്തത്തിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് മരിച്ച മലയാളികൾ. അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിലാണ്.
6 മാസം മുന്പാണ് നോവ ജർമനിയിലെത്തിയത്. അഞ്ജലി ഈ വർഷം ജൂലൈയിൽ ആണ് ജർമനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിലായിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. രണ്ടാഴ്ച മുൻപാണ് സിവിൻ ജോണി ജർമനിയിലേക്ക് പോയത്. ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലെ ഫ്ലാറ്റിൽ ചൊവ്വ പുലർച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഒരു അപ്പാർട്ട്മെന്റിനുള്ളിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
തീ പടിക്കെട്ടിലൂടെ മുകളിലേക്ക് വ്യാപിച്ചതോടെ മുകളിലത്തെ നിലകളിലേക്ക് പ്രവേശിക്കാൻ അഗ്നിരക്ഷാസേനയ്ക്ക് ബുദ്ധിമുട്ടുണ്ടായി. ഇതോടെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടത്തേണ്ടിവന്നു. രണ്ട് പേരെ ടേൺടേബിൾ ലാഡർ ഉപയോഗിച്ചും മറ്റ് രണ്ട് പേരെ പോർട്ടബിൾ ഏണികൾ ഉപയോഗിച്ചും രക്ഷപ്പെടുത്തി. മറ്റൊരാളെ സുരക്ഷാ കുഷ്യൻ ഉപയോഗിച്ചാണ് രക്ഷിച്ചത്.
തീപിടിത്തവുമായി ബന്ധപ്പെട്ട് റൊമാനിയൻ പൗരനെതിരെ സംശയങ്ങളുണ്ടെന്ന് ബോഖൂം പൊലീസ് വക്താവ് പറഞ്ഞു. 41 കാരനെ ചോദ്യം ചെയ്തുവരികയാണ്. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന സാധ്യത അന്വേഷണസംഘം തള്ളിയിട്ടുണ്ട്. മനഃപൂർവം തീ കത്തിച്ചതാകാമെന്നാണ് സംശയം. എന്നാൽ, തീപിടിത്തം ആസൂത്രിതമായി ഉണ്ടാക്കിയതാണോ അതോ അപകടവശാൽ സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.




