15 November, 2026 01:22:02 PM


മിയാമി വിമാനത്താവളത്തില്‍ ചരക്കുവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു



ന്യൂഡല്‍ഹി: ഫ്ലോറിഡയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചരക്കുവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി 9.15ഓടെയായിരുന്നു സംഭവം. ഒരു യുപിഎസ് കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ ജെറ്റുമാണ് കൂട്ടിയിടിച്ചത്. യുപിഎസ് വിമാനം മിയാമിയില്‍ നിന്ന് കൊളംബിയയിലെ ബഗോട്ടയിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു. പാനമയില്‍ നിന്ന് എത്തിയതായിരുന്നു കോപ എയര്‍ലൈന്‍സിന്റെ വിമാനം. വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പും ശേഷവുമുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വിമാനം ഏറെ മുന്നോട്ടുനീങ്ങിയെന്നും മറ്റൊരു വിമാനത്തിന്റെ ചിറക് അതില്‍ തട്ടിയെന്നുമാണ് ഒരു പൈലറ്റ് ആശയവിനിമയത്തിനിടെ വിവരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കോപ എയര്‍ലൈന്‍സിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുപിഎസ് ബോയിംഗ് 767 വിമാനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായി വ്യക്തമാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947