17 April, 2026 08:59:48 PM


ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുകൊടുത്ത് ഇറാൻ



ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ വലിയ ഇളവ് വരുത്തി ഇറാൻ.എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഹോർമുസ് പാത പൂർണ്ണമായും തുറന്നുകൊടുക്കുന്നതായി ഇറാന്റെ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി അറിയിച്ചു.ലെബനൻ വെടിനിർത്തൽ നിലനിൽക്കുന്ന കാലയളവിലുടനീളമാണ് പാത തുറന്ന് നൽകുന്നതെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ പറഞ്ഞു.

ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, സാഹചര്യം സുസ്ഥിരമാക്കുന്നതിനും നയതന്ത്ര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.

യുഎസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ പ്രകാരം 10 ദിവസത്തേക്കാണ് വെടിനിർത്തൽ. ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ ഇരുവിഭാഗത്തിന്റെയും സമ്മതത്തോടെ ഇത് നീട്ടും. അടിയന്തര ഭീഷണികൾക്കെതിരെ ആത്മരക്ഷാർത്ഥം ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇസ്രായേലിനായിരിക്കുമെന്നും, അതേസമയം തങ്ങളുടെ മണ്ണിൽ നിന്ന് ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകൾ ആക്രമണം നടത്തുന്നത് തടയാൻ ലെബനൻ ബാധ്യസ്ഥരായിരിക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. ആഭ്യന്തര സുരക്ഷാ ചുമതല ലെബനൻ സുരക്ഷാ സേനയ്ക്കായിരിക്കും. അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് മധ്യസ്ഥതയിലുള്ള ചർച്ചകൾ തുടരാനും കരാറിൽ തീരുമാനമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957