29 July, 2026 09:12:25 AM
ഏറ്റുമാനൂരില്‍ ടാർവീപ്പകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഏറ്റുമാനൂർ: റെയിൽവേ ഗേറ്റിന്റെ ടാറിങ് ജോലിക്കായി സൂക്ഷിച്ചിരുന്ന ഏകദേശം ₹1,98,000 വിലമതിക്കുന്ന 12 ടാർവീപ്പകൾ മോഷ്ടിച്ച കേസിൽ ഒരാളെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മോഷണ ഉദ്ദേശ്യത്തോടെ ആവലാതിക്കാരന്റെ പിതാവ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള 12 ടാർവീപ്പകൾ 2026 ജൂലൈ 20-ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയിലുള്ള സമയത്ത് നാല് പേർ ചേർന്ന് ബൊലേറോ പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോയെന്നാണ് കേസ്. നമ്പ്യാകുളം ഭാഗത്തെ റെയിൽവേ ഗേറ്റിന്റെ ടാറിങ് പ്രവൃത്തിക്കായി നമ്പ്യാകുളം ഭാഗത്തുള്ള ചിരളക്കമറ്റത്തിൽ ജോമോന്റെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ടാർവീപ്പകളാണ് മോഷണം പോയത്. കുറ്റകൃത്യം നടന്ന സ്ഥലം ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പാലാ ഭരണങ്ങാനം ആലപ്പാറ ഭാഗം ഊന്നുകല്ലുങ്കൽ വീട്ടിൽ വർഗീസിന്റെ മകൻ ജോഷി വർഗീസ് (54) എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.





