15 June, 2026 04:36:25 PM


പൂമാലകള്‍ക്ക് പൊന്നിന്‍വില: പരാതിയുമായി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രോപദേശകസമിതി



ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിന്‍റെ മാല കൌണ്ടറില്‍ ഭക്തജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ക്ഷേത്രോപദേശകസമിതി. ക്ഷേത്രത്തിലെ വിവിധ വഴിപാടുസാധനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രത്യേക തുക നിശ്ചയിച്ചിരിക്കെയാണ് ഉത്തരുവകള്‍ എല്ലാം കാറ്റില്‍ പറത്തി ഭക്തരെ കൊള്ളയടിക്കുന്നത്. ഈ പകല്‍കൊള്ളയ്ക്ക് ദേവസ്വം ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നുവെന്നാണ് മഹാദേവക്ഷേത്രോപദേശകസമിതിയുടെ പരാതി.


2025-26 വര്‍ഷം പൂജാ സാധനങ്ങൾ വിൽക്കുന്നതിന് സഞ്ചായ കുത്തക അവകാശം നല്‍കികൊണ്ടുള്ള ദേവസ്വം ഉത്തരവില്‍ സ്റ്റാള്‍ നടത്തുന്നവര്‍ക്ക് ലൈസൻസ് ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. പൂമാലയും  പൂജാ തട്ടും  വിൽക്കുന്നതിനുള്ള അവകാശവും ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നല്‍കിയിട്ടുള്ളത്. ഇതുപ്രകാരം ചെറിയ പൂമാല 2 മുഴത്തിന് 30 രൂപയും, 12 അടി നീളമുള്ള കേശാദിപാദം എന്ന വലിയ പൂമാലയ്ക്ക് 300 രൂപയും 21 വെറ്റയുടെ വെറ്റില മാലയ്ക്ക്  50 രൂപയും 20 നാരങ്ങയുടെ നാരങ്ങാമാലയ്ക്ക് 150 രൂപയും  51 നാരങ്ങയുടെ മാലയ്ക്ക് 300 രൂപയും മാത്രമേ ഈടാക്കാനാവു.


തട്ടം നിവേദ്യം സാധനങ്ങൾ വിൽക്കുന്നതിനും തുകകള്‍ നിശ്ചയിച്ചിട്ടുണ്ട്. തേങ്ങ - 20 രൂപ, രസകദളി പഴം 1 പടല (8 എണ്ണം) - 35 രൂപ, ചെറിയ ഹാരം - 30 രൂപ, വെറ്റില (3 എണ്ണം) - 5 രൂപ, പാക്ക് - 5 രൂപ, അവല്‍ (100 ഗ്രാം) - 4 രൂപ, മലര്‍ (100 ഗ്രാം) - 2 രൂപ, കല്‍ക്കണ്ടം, മുന്തിരി - 15 രൂപ, ശര്‍ക്കര (100 ഗ്രാം) - 4 രൂപ, വിളക്കെണ്ണ (100ഗ്രാം) - 40 രൂപ, സാമ്പ്രാണി - 10 രൂപ, നെയ്യ് (50 ഗ്രാം) - 30 രൂപ എന്നിങ്ങനെ ആകെ 200 രൂപയാണ് ഒരു തട്ടം നിവേദ്യങ്ങള്‍ക്കായി ഈടാക്കാവുന്നത്.


എന്നാല്‍ ഈ സര്‍ക്കുലറിനെ മറികടന്ന് 800 മുതൽ 1000 രൂപ ആളും തരവുമനുസരിച്ച് മാലക്കു വാങ്ങുന്നതായി ഉപദേശക സമിതി സെക്രട്ടറി മഹേഷ്‌ രാഘവൻ പറഞ്ഞു. സ്റ്റാളില്‍ വില്‍പന നടത്തുന്ന സാധനങ്ങളുടെ വിലവിവരപട്ടിക പ്രസിദ്ധപ്പെടുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ അങ്ങിനെയൊന്നില്ല. ഭക്തർക്കിടയിൽ വ്യാപകമായി ഉയര്‍ന്ന പ്രധിഷേധത്തെ തുടര്‍ന്ന് തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തള്ളുകയായിരുന്നുവെന്നും മഹേഷ് രാഘവന്‍ ആരോപിച്ചു.


മഹാദേവക്ഷേത്രത്തിൻ്റെ മതിൽക്കെട്ടിനകത്ത് പ്രവർത്തിക്കുന്ന കടകൾ കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയോളം തുകയ്ക്കാണ് ലേലത്തിൽ പോയിരിക്കുന്നത്. ഭക്തജനങ്ങളെ ചൂഷണം ചെയ്തു   ലാഭം കൊയ്യാം എന്ന ഉദ്ദേശത്തിലാണ് ലേലത്തുക കൂട്ടി പിടിച്ചിരിക്കുന്നത്. എണ്ണക്കടയിൽ നിന്നും ഭക്തജനങ്ങൾക്ക് കൊടുക്കുന്ന എണ്ണ അളവിലും ഗുണത്തിലും നിലവാരം പുലർത്തുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. 


ക്ഷേത്രമതില്‍ക്കകത്തും ശ്രീകൃഷ്ണന്‍ കോവിലിനും മുന്നിലുള്ള സ്റ്റാളുകളില്‍നിന്നും ഭക്തര്‍ വാങ്ങി അകത്തേക്ക് കൊണ്ടുപോകുന്ന മാലകളും പൂജാദ്രവ്യങ്ങളും നല്ലൊരു ശതമാനവും ശ്രീകോവിലിനുള്ളില്‍ ചെല്ലാതെ മാലവില്‍പനക്കാരില്‍തന്നെ തിരിച്ചെത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രം ജീവനക്കാരുടെ ഒത്താശയോടെ അരങ്ങേറുന്ന പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി തിരുവിതാംകൂര്‍ & കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന്‍, ദേവസ്വം പ്രസിഡന്‍റ്, ദേവസ്വം വിജിലൻസ് എന്നിവര്‍ക്ക് ഉപദേശകസമിതി പരാതി നൽകിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഉപദേശകസമിതിയുടെ തീരുമാനം എന്നും സെക്രട്ടറി അറിയിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K