06 August, 2026 03:26:36 PM
കിണറുകളില്‍ മലിനജലം; പൈപ്പ് തുറന്നാല്‍ കാറ്റും: കുടിവെള്ളം കിട്ടാതെ വലഞ്ഞ് ജനങ്ങള്‍

ഏറ്റുമാനൂര്‍: കനത്ത മഴയിലും പ്രളയത്തിലും നാട്ടിലെ ഒട്ടുമിക്ക കിണറുകളും വെള്ളത്തിനടിയിലായി. മാലിന്യങ്ങള്‍ ഒഴുകിയെത്തി നിറഞ്ഞതിനാല്‍ കുടിവെള്ളത്തിന് ഈ കിണറുകളെ ആശ്രയിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ് ദുരിതമേഖലയിലെ ജനങ്ങള്‍. ഇത്തരം അവസരങ്ങളില്‍ ഇവര്‍ക്കാശ്വാസമായി മാറേണ്ട ജലവിതരണപൈപ്പുകളില്‍ നിന്ന് ലഭിക്കുന്നത് കാറ്റും. വന്‍തുക കൊടുത്ത് കണക്ഷന്‍ എടുത്തവരെല്ലാം "പണം കൊടുത്ത് കടിക്കുന്ന നായയെ വാങ്ങി" എന്ന സ്ഥിതിയിലാണിപ്പോള്‍.
പൈപ്പ് തുറന്നാല്‍ വെള്ളത്തിനുപകരം പാമ്പ് ചീറ്റുന്നപോലെ കാറ്റാണ് പുറത്തേക്ക് വരിക. ഇത് വേനലിലും മഴയിലും ഇത് ഒന്നുപോലെയാണ് എന്ന് നാട്ടുകാര്‍ പറയുന്നു. ആവശ്യമുള്ളപ്പോള്‍ പലയിടത്തും വെള്ളം ലഭിക്കില്ല. അഥവാ വന്നാല്‍തന്നെ രാത്രി ആളുകള്‍ ഉറങ്ങുന്ന നേരത്തും. പക്ഷെ കൃത്യമായി മാസാവസാനം എത്തുന്ന ബില്ല് കാണുമ്പോഴാണ് ഞെട്ടലുണ്ടാകുന്നത്. കുടുംബവുമൊത്ത് കേരളത്തിന് വെളിയിലായിരുന്ന പേരൂര്‍ സ്വദേശി മോന്‍സി തോമസ് ഒരു മാസത്തിലേറെയായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍നിന്നും ഒരു തുള്ളി വെള്ളം പോലും ഉപയോഗിച്ചിട്ടില്ല. ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കിട്ടിയ ബില്‍ ആകട്ടെ 1500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട്.
കേന്ദ്ര സർക്കാരിന്‍റെ ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം നാട്ടിലെല്ലാം കണക്ഷന്‍ ലഭ്യമാക്കിയപ്പോള്‍ ഇനി തണ്ണീർപ്പന്തലുകൾ തേടി അലയേണ്ടി വരില്ലെന്ന് ജനങ്ങൾ കരുതി. എന്നാല്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ടാപ്പ് തുറന്നാൽ വരുന്നത് വെള്ളത്തിനു പകരം വെറും കാറ്റാണ് എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റുമാനൂർ നഗരസഭയില്‍ വാർഡ് 24 ഉള്‍പ്പെടെ പലയിടത്തും എട്ടുമാസത്തിലേറെയായി കുടിവെള്ളം എത്തിയിട്ട്. എന്നാല്‍ ബില്ല് വരുന്നത് 3000നും 7000നും ഇടയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം കൊടുക്കാതെ കാറ്റ് മാത്രം ലഭ്യമാക്കിയ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ഒരു വ്യക്തിയെകൊണ്ട് 3332 രൂപ ഓൺലൈനിൽ അടപ്പിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കണക്ഷന്‍ ലഭിച്ച് ഇന്നേവരെ വെള്ളം ലഭിക്കാത്തതിനാല്‍ റീഡിംഗ് ഒരു യൂണിറ്റ് മാത്രം കാണിക്കുന്ന പേരൂര്‍ സ്വദേശി തന്നെയായ മറ്റൊരാള്‍ക്ക് ലഭിച്ചത് 1790 രൂപയുടെ ബില്ല്.
കനത്ത മഴ പെയ്ത് നാട് മുഴുവന്‍ വെള്ളത്തിനടിയിലായിട്ടും കുടിവെള്ളക്ഷാമം ഈ രീതിയില്‍ തുടരുന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടായിട്ടാണ് ജനങ്ങള്‍ കരുതുന്നത്. ഇത് ശരിവെച്ച് തടിതപ്പാനൊരുങ്ങുകയാണ് ജനപ്രതിനിധികളും. ഇതിനിടെ പൊതുപ്രവര്‍ത്തകനായ മോന്‍സി പി തോമസ് ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്.
ജനങ്ങളെ ചൂഷണം ചെയ്യുന്ന കുടിവെള്ള നാടകം
കുടിക്കാൻ തുള്ളിവെള്ളമില്ല; പക്ഷെ ബില്ല് കൃത്യം! എന്തൊരു നീതി?കാറ്റും വെള്ളവും ബില്ലും: ഒരു ജനതയുടെ നീറുന്ന കഥ
വേനൽച്ചൂടിൽ കിണറുകൾ വറ്റി വരണ്ടു. മഴക്കാലത്ത് വെള്ളം കലങ്ങി ഉപയോഗശൂന്യമായി. ഗ്രാമവാസികൾ ആശ്വാസം കണ്ടെത്തിയത് വീടിനു മുന്നിൽ സ്ഥാപിച്ച ആ നീല പൈപ്പിലായിരുന്നു. കേന്ദ്ര സർക്കാരിന്റെ "എല്ലാ വീട്ടിലും കുടിവെള്ളം" (ജൽ ജീവൻ മിഷൻ) എന്ന പദ്ധതി വലിയ പരസ്യങ്ങളോടെ നാട്ടിലെത്തിയപ്പോൾ, ഇനി തണ്ണീർപ്പന്തലുകൾ തേടി അലയേണ്ടി വരില്ലെന്ന് നാടൊട്ടുക്കും ജനങ്ങൾ കരുതി.
മുറ്റത്ത് മീറ്ററും ടാപ്പും വന്നു. വെള്ളം വരുമെന്ന പ്രതീക്ഷയിൽ നീല ബാരലുകളും പ്ലാസ്റ്റിക് കാനുകളും ബക്കറ്റുകളും അവർ വരിവരിയായി നിരത്തിവെച്ചു. പക്ഷേ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ടാപ്പ് തുറന്നാൽ വരുന്നത് വെള്ളമല്ല, വെറും കാറ്റാണ്!
എന്നാൽ, മാസാവസാനം കൃത്യമായി വീട്ടിലെത്തുന്നത് ഭീമമായ വാട്ടർ ബില്ലുകളാണ്. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും തരാത്ത അധികൃതർ, പൈപ്പിലൂടെ വന്ന വെറും കാറ്റിന്റെ അളവ് കണക്കാക്കിയാണ് അമിത തുകയുടെ ബില്ലുകൾ ഓരോ വീടുകളിലേക്കും അയച്ചു നൽകുന്നത്.
പ്രധാനമന്ത്രിയുടെ കുടിവെള്ള പദ്ധതിയുടെ ലക്ഷ്യങ്ങളെ കാറ്റിൽപ്പറത്തി, പ്രാദേശിക ഭരണകൂടവും സർക്കാരും ചേർന്ന് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ടാപ്പ് തുറക്കുമ്പോൾ ശബ്ദത്തോടെ വരുന്ന കാറ്റിനും, മുറ്റത്ത് കാത്തുനിൽക്കുന്ന വറ്റിയ ബക്കറ്റുകൾക്കും മുന്നിൽ, ഉയർന്ന ബില്ലും കയ്യിൽ പിടിച്ച് നിൽക്കാൻ മാത്രമേ ആ പാവം മനുഷ്യർക്ക് കഴിയുന്നുള്ളൂ. കുടിവെള്ളം സ്വപ്നം മാത്രമായി ശേഷിക്കുമ്പോഴും, പൈപ്പിലൂടെ ഒഴുകാത്ത വെള്ളത്തിന് നികുതി പിരിക്കുന്ന രാഷ്ട്രീയ നാടകം നാടുനീളെ തുടരുകയാണ്.





