07 August, 2026 08:17:20 PM
പ്രളയബാധിതര്‍ക്ക് ആശ്വാസം: കാറ്റ് മാത്രം വന്ന പൈപ്പുകളിൽ കുടിവെള്ളമെത്തി

ഏറ്റുമാനൂർ: നാട് മുഴുവന്‍ വെള്ളത്തിനടിയിലായിട്ടും കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാതിരുന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളില്‍ ജലമൊഴുകിതുടങ്ങി. പ്രളയത്തില്‍ കിണറുകളെല്ലാം മലിനജലം കൊണ്ട് മൂടിയ അവസ്ഥയിലും വാട്ടര്‍ അതോറിറ്റിയുടെ ടാപ്പുകള്‍ തുറന്നാല്‍ കാറ്റ് മാത്രം ലഭിക്കുന്ന സാഹചര്യം ആയിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ "കൈരളി വാര്‍ത്ത" റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം വെള്ളമെത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.
കനത്ത മഴയെ തുടർന്ന് കിണറുകൾ കരകവിഞ്ഞൊഴുകുകയും മാലിന്യങ്ങൾ നിറയുകയും ചെയ്ത സമയത്ത് ജനങ്ങൾക്ക് ആശ്വാസമാകേണ്ട ജൽജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള ജലവിതരണ പൈപ്പുകളിൽ നിന്നാണ് വെള്ളത്തിനു പകരം പാമ്പ് ചീറ്റും പോലെ കാറ്റ് വന്നുകൊണ്ടിരുന്നത്. കണക്ഷന്‍ എടുത്തിട്ട് ഇന്നേവരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ബില്‍ കനത്ത രീതിയില്‍ കൃത്യമായി വീട്ടിലെത്തുന്നുണ്ടെന്നുമായിരുന്നു മിക്കവരുടെയും പരാതി.





