29 July, 2026 01:52:39 PM
നഗരമധ്യത്തില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു; കണ്ണ് തുറക്കാതെ ഏറ്റുമാനൂര്‍ നഗരസഭ

ഏറ്റുമാനൂര്‍: നഗരമധ്യത്തിലെ വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാതെ ഏറ്റുമാനൂര്‍ നഗരസഭ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്കൂട്ടറിലും കാറിലും മറ്റും എത്തി ആളൊഴിഞ്ഞ തക്കം നോക്കി മാലിന്യം വലിച്ചെറിയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ സ്കൂട്ടറില്‍ എത്തിയ ഒരു സ്ത്രീ വികെബി റോഡില്‍ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവര്‍ തട്ടിയിട്ട് കടന്നുകളഞ്ഞത് സമീപത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഡയപ്പറുകള്‍ ഉള്‍പ്പെട്ട മാലിന്യങ്ങളായിരുന്നു തെറിച്ചുവീണ കവറില്‍നിന്ന് റോഡിന്‍റെ മധ്യത്തിലേക്ക് ചിതറിയത്.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രമൈതാനത്തോട് ചേര്‍ന്ന വികെബി റോഡ്, സായി റോഡ്, ടെമ്പിള്‍ റോഡ് എന്നിവിടങ്ങളില്‍ നിരന്തരമായി മാലിന്യം കുമിഞ്ഞുകൂടുന്നത് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മഴക്കാലപൂര്‍വശുചീകരണത്തിന്‍റെ ഭാഗമായി അസോസിയേഷന്‍ നടത്തിയ കാമ്പയിന്‍റെ ഭാഗമായി നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ റോഡുകളും പൊതുഇടങ്ങളും അസോസിയേഷന്‍ ശുചീകരിക്കേണ്ടതില്ലെന്നും ഇത് നഗരസഭ നേരിട്ട് ചെയ്യുന്നുണ്ടെന്നുമായിരുന്നു ചെയര്‍മാന്‍ ടോമി കരുവിളയുടെ മറുപടി. ഇതിനായി ഓരോ വാര്‍ഡിനും 40,000 രൂപ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പല വാര്‍ഡുകളിലും ശുചീകരണം നാമമാത്രമായി.
ആളുകള്‍ വലിച്ചെറിയുന്ന മാലിന്യം റോഡില്‍ കുമിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഇത് തടയാന്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നായിരുന്നു ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ മാത്യു വാക്കത്തുമാലിയുടെ മറുപടി. എന്നാല്‍ ഇന്നേവരെ നടപടികളായില്ല. ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനത്ത് പാര്‍ക്ക് ചെയ്യുന്ന തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വികെബി റോഡിലേക്കാണ് വലിച്ചെറിയുന്നത്. ഒപ്പം മലമൂത്രവിസര്‍ജനവും. മൂക്ക് പൊത്താതെ കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ് ഈ വഴിയില്‍ ഇപ്പോള്‍. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.





