04 August, 2025 06:54:12 PM
ഒരു ദിവസം ഒരു ലക്ഷം; റെക്കോഡ് നേട്ടവുമായി കുടുംബശ്രീ പ്രീമിയം കഫേ

കുറവിലങ്ങാട് : വരുമാനത്തിലും ഒന്നാമതായി കോട്ടയം ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ. സംസ്ഥാനത്ത് ആദ്യമായി ദിവസ വരുമാനം ഒരു ലക്ഷം രൂപ നേട്ടത്തിലെത്തിയിരിക്കുകയാണ് കുറവിലങ്ങാട് കോഴ കുടുംബശ്രീ പ്രീമിയം കഫേ. ഓഗസ്റ്റ് മൂന്ന് ഞായറാഴ്ചയാണ് പ്രതിദിന വിൽപന ഒരുലക്ഷം എന്ന നേട്ടത്തിൽ എത്തിയത്. നിലവിൽ സംസ്ഥാനത്ത് പത്തു പ്രീമിയം കഫേകളുണ്ട്. ജില്ലയിൽ ആദ്യത്തെയാണ് കെ. എം. മാണി തണൽ വഴിയോര വിശ്രമ കേന്ദ്രത്തിൽ സജ്ജമാക്കിയത്. ഈ വർഷം ഏപ്രിൽ എട്ടിനാണ് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ്മന്ത്രി എം.ബി. രാജേഷ് പ്രീമിയം റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. രണ്ട് ഷിഫ്റ്റുകളിലായി 13 പാചകക്കാരാണ് കഫേയിൽ ഉള്ളത്. ഇവർ അടക്കം 52 കുടുംബശ്രീ വനിതകൾക്ക് തൊഴിൽ നൽകുന്ന സംരംഭമായും പ്രീമിയം കഫേ മാറിയിട്ടുണ്ട്. ഊണും ബിരിയാണിയും ആണ് ഏറ്റവും വിൽപ്പനയിൽ ഉള്ളത്. സാധാരണ വിഭവങ്ങൾക്കൊപ്പം പിടിയും കോഴിയും പോലെയുള്ള സ്‌പെഷ്യൽ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും ഉണ്ട്.