24 October, 2025 02:56:26 PM


പാലായില്‍ രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ



പാലാ : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിലേക്ക് മൂന്നു യുവാക്കള്‍ ബൈക്കിലെത്തി. യുവാക്കള്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടെയാണ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ ഒരു ബൈക്കില്‍ മൂന്നുപേരാണ് നിയന്ത്രണം മറികടന്നെത്തിയത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് നിരീക്ഷണത്തിലാണെന്നും ഉടന്‍ തന്നെ യുവാക്കളെ കസ്റ്റിഡിയിലെടുക്കുമെന്നും പാലാ സിഐ അറിയിച്ചു.

കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പാലായിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ പാലാ ജനറല്‍ ആശുപത്രി ജംക്ഷനും മുത്തോലിക്കും ഇടയില്‍ കര്‍ശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു. ഇതിനിടയിലാണ് യുവാക്കള്‍ നിയന്ത്രണം ലംഘിച്ച് ബൈക്കിലെത്തിയത്.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ജില്ലയില്‍ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ 5 സോണുകളായി തിരിച്ച് 2 ഡിഐജിമാരുടെ നേതൃത്വത്തില്‍ 7 ജില്ലാ പൊലീസ് മേധാവികള്‍ക്കായിരുന്നു സുരക്ഷാച്ചുമതല. 1500ഓളം സായുധ പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി എത്തിച്ചിരുന്നത്. ഇതില്‍ 200 ഓളം പേര്‍ മഫ്തിയിലുണ്ടായിരുന്നു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി കോട്ടയത്തെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K