26 September, 2025 07:15:55 PM
ഭരണങ്ങാനത്ത് വനിതാ ഫിറ്റ്‌നസ് സെന്റര്‍ വരുന്നു; നിര്‍മാണോദ്ഘാടനം ശനിയാഴ്ച

കോട്ടയം: വനിതകളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ പുതിയ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിക്കുന്നു. 10.5 ലക്ഷം രൂപ ചെലവഴിച്ചാണ്് സെന്റര്‍ സ്ഥാപിക്കുന്നത്. 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 50,000 രൂപ ഗ്രാമപഞ്ചായത്തും പദ്ധതിക്കായി ചെലവഴിക്കുന്നു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുകള്‍ നിലയിലാണ് ഫിറ്റ്‌നസ് സെന്റര്‍ നിര്‍മിക്കുന്നത്. വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന 12 ഇനം ഉപകരണങ്ങളാണ് ഫിറ്റ്‌നസ് സെന്ററില്‍ സ്ഥാപിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമാണ് നിര്‍മാണ ചുമതല. കുടുംബശ്രീ സി.ഡി.എസിനാണ് പരിപാലന ചുമതല. വനിതകള്‍ക്ക് മാത്രമായുളള ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ആദ്യ ഫിറ്റ്‌നസ് സെന്ററാണിത്. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ പൂവരണിയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഓപ്പണ്‍ ജിമ്മും നിര്‍മിച്ചിട്ടുണ്ട്.
സെന്ററിന്റെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച(സെപ്റ്റംബര്‍ 27) ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷത വഹിക്കും.