13 March, 2025 09:17:27 AM


കുടുംബസ്വത്തിനെ ചൊല്ലി തര്‍ക്കം; യുവാവിന്‍റെ വെട്ടേറ്റ് ഭാര്യാമാതാവിനും സഹോദരിക്കും ഗുരുതര പരിക്ക്



പാലാ: കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മകളുടെ ഭര്‍ത്താവിന്റെ വെട്ടേറ്റ് അമ്മായിയമ്മയ്ക്കും തടയാന്‍ ശ്രമിച്ച സഹോദരിക്കും ഗുരുതര പരിക്ക്. വലവൂര്‍ വെള്ളംകുന്നേല്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന (50), ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി (60) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സോമവല്ലിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സോമവല്ലിയുടെ മകളുടെ ഭര്‍ത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആദര്‍ശ് പീതാംബരനെ (കണ്ണന്‍-40) പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴിന് വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം. 

സോമവല്ലിയുടെ കുടുംബസ്വത്തിന്റെ വിഹിതം സഹോദരി യമുനയ്ക്ക് നല്‍കുന്നതിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സോമവല്ലി ബുധനാഴ്ചയാണ് സഹോദരിയുടെ വീട്ടില്‍ എത്തിയത്. ഈ വിവരം അറിഞ്ഞ് സോമവല്ലിയുടെ മരുമകന്‍ ആയുധവുമായി എത്തുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്ത് ചക്ക വെട്ടി ഒരുക്കുകയായിരുന്നു സഹോദരിമാര്‍ ഇരുവരും. സോമവല്ലിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് യമുനയ്ക്ക് വെട്ടേറ്റത്. ഇവര്‍ക്ക് ഒന്നിലേറെ തവണ വെട്ടേറ്റിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K