30 January, 2025 09:20:45 AM


കോട്ടയത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ചു; ഇന്ന് വിവാഹിതനാവാനിരുന്ന യുവാവിന് ദാരുണാന്ത്യം



കോട്ടയം: യുവാവ് വിവാഹ തലേന്ന് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 10 ന് ബൈക്കും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ഇലക്കാട് പള്ളിയിൽ ഇന്ന് രാവിലെ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം.

ജിജോയുടെ സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരികയായിരുന്നു ജിജോയും സുഹൃത്തും. ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വന്ന ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയിൽ ജിൻസൻ - നിഷ ദമ്പതികളുടെ മകനാണ്. ദിയ, ജീന എന്നിവരാണ് ജിജോയുടെ സഹോദരിമാർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K