14 January, 2025 09:02:41 AM
ഈരാറ്റുപേട്ടയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവം: യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തു വച്ച് കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ കോണ്ടൂർ ഭാഗത്ത് നെല്ലൻകുഴിയിൽ വീട്ടിൽ ആദർശ് (31) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം (11.01.2025) രാത്രി അമിതവേഗതയിൽ കാർ ഓടിച്ചു കൊണ്ടുവന്ന് ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് വച്ച് റോഡരികിൽ നിന്നിരുന്ന ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശിയായ അബ്ദുൽഖാദറിനെയും, ഇയാളുടെ സുഹൃത്തിനെയും ഇടിച്ചു തെറിപ്പിക്കുകയും കൂടാതെ സമീപത്തിരുന്ന സ്കൂട്ടറിനെയും ഇടിച്ച്, ഇലക്ട്രിക് പോസ്റ്റും തകർക്കുകയുമായിരുന്നു. ഇടിയിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽഖാദർ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. വൈദ്യ പരിശോധനയിൽ ആദർശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി. ആറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.