28 November, 2024 06:35:15 PM


കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു



കോട്ടയം: കോഴായിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു. കോട്ടയം ജില്ലയിൽ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേയാണ് കോഴായിൽ എം.സി. റോഡരികിൽ ഉള്ള ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബ്‌ളോക്ക് പഞ്ചായത്ത് ആസ്ഥാനത്തോടു ചേർന്ന കെ.എം. മാണി തണൽ വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ തുടങ്ങുന്നത്. ഡിസംബർ അവസാനത്തോടെ കുടുംബശ്രീ പ്രീമിയം കഫേയുടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനു സജ്ജമാക്കാനാണ് നീക്കം. നൂറോളം കുടുംബശ്രീ അംഗങ്ങൾക്കു തൊഴിലും വരുമാനവും ലഭ്യമാക്കുന്നതാണ് പദ്ധതി.

 അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്‌കരണം, പാഴ്‌സൽ സർവീസ്, കാറ്ററിങ്ങ്, ഓൺലൈൻ സേവനങ്ങൾ, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ, പാർക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ റെസ്‌റ്റോറന്റുകൾക്കു തുല്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ പ്രീമിയം കഫേകൾ പ്രവർത്തിക്കുന്നത്. പ്രത്യേക ലോഗോയും ഏകീകൃത രൂപകൽപന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകൾ തുറക്കുന്നത്. നിലിൽ കണ്ണൂർ, തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ കുടുംബശ്രീ പ്രീമിയം കഫേകൾ ആരംഭിച്ചിട്ടുണ്ട്.

കുടുംബശ്രീ അംഗങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചു കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിലായിരിക്കും പ്രീമിയം ഹോട്ടൽ പ്രവർത്തിക്കുക. പ്രീമിയം കഫേയുടെ ഭാഗമായി നാൽപതോളം കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്.  പാചകം, സർവീസിങ്, ബില്ലിങ് തുടങ്ങി റെസ്‌റ്റോറന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ കുടുംബശ്രീ അംഗങ്ങൾക്കു തുടർച്ചയായ ആറുമാസത്തെ പരിശീലനം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൽകിയായിരിക്കും കഫേയുടെ പ്രവർത്തനത്തിന് കുടുംബശ്രീ അംഗങ്ങളെ സജ്ജമാക്കുക.
 കോട്ടയം ജില്ലാപഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്തുമായി ചേർന്നാണ് കെ.എം. മാണി തണൽ വിശ്രമകേന്ദ്രം പൂർത്തിയാക്കുന്നത്. കുടുംബശ്രീ കഫേയ്ക്കു പുറമേ കോൺഫറൻസ് ഹാൾ, ഷീ ലോഡ്ജ് എന്നിവയും തണൽ വിശ്രമകേന്ദ്രത്തിന്റെ ഭാഗമാകും.

കുടുംബശ്രീ പ്രീമിയം കഫേ നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ആലോചനായോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ,  ജില്ലാ പഞ്ചായത്ത്് അംഗങ്ങളായ  നിർമല ജിമ്മി, പി.എസ്. പുഷ്പമണി, രാധാ വി. നായർ, പി.എം. മാത്യൂ, മഞ്ജു സുജിത്ത്, ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്ഥിരം സ്മിതി അംഗം കൊച്ചുറാണി സെബാസ്റ്റിയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് ദിവാകർ, ഉഴവൂർ ബ്‌ളോക്ക്  പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ്, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ജോബി ജോൺ, പ്രശാന്ത് ശിവൻ എന്നിവർ പങ്കെടുത്തു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K