18 September, 2024 01:03:09 PM
കിഴതടിയൂരിൽ ബസ് കാത്തുനിന്ന 7 വയസുകാരിക്ക് വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റു
പാലാ: കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു. കുര്യനാട് സ്വദേശിനിയായ ആരാധ്യയ്ക്കാണ് വൈദ്യുതാഘാതം ഏറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനായി ശ്രമിച്ച ബന്ധുവിനും വൈദ്യുതാഘാതം ഏറ്റു. ആശുപത്രിയിൽ നിന്ന് മടങ്ങവേ ബസ് കയറാൻ പാലാ കിഴതടിയൂർ ജംഗ്ഷൻ സമീപം എത്തിയപ്പോഴായിരുന്നു സംഭവം.
പോസ്റ്റിന്റെ വശങ്ങളിലായി ഒരു അപായ സൂചനയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു പറയുന്നു. പോസ്റ്റിലേക്ക് ഒരു ആകർഷണം പോലെ എന്തോ ഒന്ന് കൈയ്യിലേക്ക് ഉണ്ടാകുകയായിരുന്നുവെന്നും കുട്ടിയുടെ കൈയ്യിൽ പിടിച്ചപ്പോൾ തനിക്ക് ഷോക്കടിക്കുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു. കുട്ടിയിപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. പതിനാറാം തീയതി വൈകുന്നേരം ആണ് സംഭവം ഉണ്ടായത്.
അതേസമയം, സംഭവത്തിൽ കെഎസ്ഇബി അധികൃതരുടെ പ്രതികരണം വന്നിരുന്നു. എർത്ത് കമ്പിയിലൂടെ വന്ന വൈദ്യുത പ്രവാഹമാണ് കുട്ടിയ്ക്ക് ഏറ്റത്. സുരക്ഷിതമായി ഈ വൈദ്യുത പോസ്റ്റ് സ്ഥാപിക്കേണ്ടതുണ്ട്, എന്താണ് സംഭവിച്ചതെന്ന വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മറ്റപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.