19 June, 2024 07:17:13 PM


പോലീസ് ഓടിയെത്തി: ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന് പുതുജീവൻ



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.  കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് ഈരാറ്റുപേട്ട സ്വദേശിയായ വീട്ടമ്മ ഇന്ന് രാവിലെ 10.30   മണിയോടുകൂടി ഈരാറ്റുപേട്ട സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് ഉടനടി സ്ഥലത്ത് എത്തുകയായിരുന്നു.

പോലീസ് വീട്ടിലെത്തുമ്പോള്‍ ഗൃഹനാഥൻ വഴക്കിനെ തുടർന്ന് വീട് പൂട്ടിയിട്ടശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഘം മുറിയുടെ വാതില്‍ ചവിട്ടി തുറക്കുകയും, അകത്ത് കയറിയ പോലീസ് വീടിനുള്ളിൽ മുണ്ടിൽ  തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്ന ഗൃഹനാഥന്റെ മുണ്ടിന്റെ  കെട്ട് മുറിച്ചു ഗൃഹനാഥനെ താഴെയിറക്കുകയും, ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നൽകി ഗൃഹനാഥന്റെ   ജീവന്  ആപത്തില്ലായെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. പിന്നീട് എത്തിയ പാലിയേറ്റിവ് അംഗങ്ങൾക്ക് ഗൃഹനാഥനെ കൈമാറിയശേഷമാണ് പോലീസ് സംഘം മടങ്ങിയത്. ഈരാറ്റുപേട്ട  സ്റ്റേഷൻ എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഓ സന്ദീപ്  എന്നിവരുടെ സമയോചിതമായ ഇടപെടൽ  മൂലമാണ് ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാൻ ഇടയായത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K