22 February, 2024 07:36:28 PM
28 വർഷത്തെ കാത്തിരിപ്പിന് വിരാമം; നീണ്ടൂരിലെ 37 കുടുംബങ്ങൾക്ക് സ്വന്തംഭൂമി
ഏറ്റുമാനൂര്‍: ഭൂമിയുടെ അവകാശികളാകാനുള്ള ഇരുപത്തിയെട്ടുവർഷത്തെ കാത്തിരിപ്പ് അവസാനിച്ച സന്തോഷത്തിലാണ് നീണ്ടൂർ ഓണംതുരുത്ത് രാജീവ്ഗാന്ധി കോളനിയിലെ 37 കുടുംബങ്ങൾ. കോട്ടയത്ത് നടന്ന ജില്ലാതല പട്ടയമേളയിൽ കുടുംബങ്ങൾ പട്ടയം ഏറ്റുവാങ്ങി. വർഷങ്ങളായുള്ള ഇവരുടെ ആവശ്യമാണ് നിറവേറിയത്. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, ഗ്രാമപഞ്ചായത്തംഗം മായാ ബൈജു, നീണ്ടൂർ സഹകരണബാങ്ക് ബോർഡംഗം കെ.സി. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ഒരുമിച്ചാണ് 37 കുടുംബങ്ങളും പട്ടയം വാങ്ങാനായി എത്തിയത്.
''ഞങ്ങളുടെ 28 വർഷത്തെ കാത്തിരിപ്പാണ് ഇന്ന് സഫലമായത്. ഞങ്ങൾ 37 കുടുംബങ്ങൾ താമസിച്ചിരുന്ന ഭൂമി ഞങ്ങൾക്ക് സ്വന്തമായിരിക്കുന്നു. സർക്കാർ ഞങ്ങളുടെ സ്വപ്‌നം നിറവേറ്റിയിരിക്കുന്നു. എറെ സന്തോഷമുണ്ട്'' ഓണംതുരുത്ത് രാജീവ്ഗാന്ധി കോളനിയിലെ കൈതവളപ്പിൽ എം.എൻ. രാജപ്പൻ പറഞ്ഞു. പി.ഡി. ശശികലയും എം.ആർ. സുകുമാരനും ലീലാമ്മ ജോണുമൊക്കെ പട്ടയം പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്.