19 February, 2024 08:48:36 PM
സ്‌നേഹദീപം മാനവ ദര്‍ശനത്തിന്‍റെ ഉത്തമമാതൃക- ഡോ. എതിരന്‍ കതിരവന്‍
പാലാ: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി ഇന്നും നമ്മുടെ സമൂഹത്തില്‍ മാനവികത മരിച്ചിട്ടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ചിക്കാഗോ യൂണിവേഴ്‌സിറ്റി സയന്റിസ്റ്റ് ഡോ. എതിരന്‍ കതിരവന്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിനാകെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയിലൂടെ നടത്തുമ്പോള്‍ ഒത്തിരി നന്മകള്‍ നാടിനുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുപ്പത്തിയെട്ടാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം മുത്തോലി പഞ്ചായത്തിലെ മീനച്ചില്‍ വാര്‍ഡില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഡോ. എതിരന്‍ കതിരവന്‍.
സെബാസ്റ്റ്യന്‍ പുരയിടം സംഭാവന നല്‍കിയ സ്ഥലത്താണ് മുത്തോലി പഞ്ചായത്തിലെ സ്‌നേഹദീപം പദ്ധതിയിലെ ഒന്‍പതാം സ്‌നേഹവീട് നിര്‍മ്മിക്കുന്നത്. യോഗത്തില്‍ സ്‌നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഹരിദാസ് അടമത്തറ, സെബാസ്റ്റ്യന്‍ പുരയിടം, കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, റെജി തലക്കുളം, സജി ഓലിക്കര, ജേക്കബ് മഠത്തില്‍, സോണി പെരുമ്പള്ളില്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, എബ്രാഹം കെ. തോമസ്, പ്രൊഫ. കെ.റ്റി. ഫിലിപ്പ്, ജോസ് എബ്രാഹം, ഷാജി ചാത്തനാട്ട് എന്നിവര്‍ പ്രസംഗിച്ചു.