20 May, 2023 09:43:11 AM
പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം. മുന്നണിയിലെ മുൻനിര നേതാക്കൾ എല്ലാം പങ്കെടുക്കുന്ന സമരത്തിൽ സർക്കാരിനെതിരായ കുറ്റപത്രം ജനസമക്ഷം യുഡിഎഫ് അവതരിപ്പിക്കും.
രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നതെന്നും വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റിലെ എല്ലാ ഗേറ്റുകളും വളഞ്ഞു. പിന്നാലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരും 9 മണിക്കു മുൻപായി ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരക്കും. സെക്രട്ടേറിയേറ്റിലെ മൂന്നു ഗേറ്റുകൾ യുഡിഎഫ് പ്രവർത്തകർ വളയും. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.