17 April, 2023 02:44:19 PM
വന്ദേഭാരത് പരീക്ഷണയോട്ടം; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താന്‍ 7മണിക്കൂർ 10 മിനിറ്റ്
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണയോട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ എടുത്തത് ഏഴ് മണിക്കൂർ 10 മിനിട്ട്. രാവിലെ 5.08ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട വന്ദേഭാരത് ഉച്ചയ്ക്ക് 12.20ഓടെ കണ്ണൂരിലെത്തി. കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, തിരൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തി.
തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റുമാണ് വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണയാത്രയിലുണ്ടായിരുന്നത്. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്ന് കയറി. അവിടെനിന്ന് ക്രൂ ചേഞ്ച് ഉണ്ടായിരുന്നു.
ആദ്യ പരീക്ഷണയോട്ടത്തിൽ വന്ദേഭാരത് ഏഴ് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്. 2.30-നകം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് മടങ്ങും.അതേസമയം ട്രെയിനിന്‍റെ ഷെഡ്യൂളും സ്റ്റോപ്പുകളും യാത്രാനിരക്കും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്‍റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.