13 April, 2023 11:37:29 AM
റിയാദില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ മലയാളി മരിച്ചു
റിയാദ്: വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ബഹുനില കെട്ടിടത്തില്‍നിന്നും വീണ് പരിക്കേറ്റയാള്‍ മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന് ദാമോദരന്‍ (69) ആണ് മരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 23-നായിരുന്നു സംഭവം. പരിചയക്കാരനായ സൗദി പൗരന്റെ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി പോയപ്പോഴാണ് അപകടമുണ്ടായത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. അവിടെ നിന്ന് ഇദ്ദേഹം കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു.
റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.
30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്കൂളിലായി ജോലി ചെയ്തിരുന്നയാളാണ് സരസന്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായതോടെ ഇദ്ദേഹം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങി. ശേഷം ഒരു വര്‍ഷം കഴിഞ്ഞ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്.