11 April, 2023 10:49:05 AM
കിടപ്പറയിൽ വന്ന ആത്മാവിനെ 'വിവാഹം ചെയ്ത' സ്ത്രീ വിവാഹമോചനം ആവശ്യപ്പെടുന്നു
ലണ്ടന്‍: കിടപ്പറയിൽ കടന്നുവന്ന ആത്മാവിനെ 'വിവാഹം ചെയ്ത' സ്ത്രീ വിവാഹമോചനം ആവശ്യപ്പെടുന്നു. അപ്രതീക്ഷിതമായി തന്‍റെ കിടപ്പുമുറിയിൽ പ്രവേശിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു സൈനികന്‍റെ ആത്മാവായ എഡ്വാർഡോയെ ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കർ ബ്രോക്കാർഡ് വിവാഹം കഴിച്ച വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. 2022 ഹാലോവീനിൽ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയിൽ വച്ചായിരുന്നു ആത്മാവുമായുള്ള വിവാഹം.
ആദ്യ കണ്ടുമുട്ടലിൽ തന്നെ ശക്തമായ ബന്ധം അനുഭവപ്പെട്ടതിന് ശേഷം അഞ്ച് മാസം കഴിഞ്ഞാണ് അവർ വിവാഹമുറപ്പിച്ചതും വെയിൽസിലെ ബാരി ഐലൻഡിൽ ഹണിമൂൺ ആഘോഷിക്കാന്‍ പോയതും. ഇപ്പോൾ ബ്രോക്കാർഡ് വിവാഹമോചനം ആഗ്രഹിക്കുന്നതായാണ് വാർത്ത വരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചെന്നും ഭർത്താവ് ഇപ്പോൾ തന്നെ പിന്തുടരുന്നതായുമാണ് അവരുടെ ആരോപണം.
തോൽവി സമ്മതിക്കാൻ താൽപ്പര്യമില്ലെന്നും ഒരു പ്രേതത്തെ വിവാഹം കഴിച്ചത് ശരിയായില്ലെന്നും ഇപ്പോള്‍ പറയുന്ന യുവതി അവനെ ഒഴിവാക്കാൻ ഒരു മന്ത്രവാദിയെ കൊണ്ടുവരാൻ ആലോചിക്കുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ദാമ്പത്യം രക്ഷിക്കാൻ, അവൾ ഒരു സൈക്കാട്രിസ്റ്റിന്റെ സഹായം തേടുകയും ചെയ്തു. എന്നാൽ ഭർത്താവ് അത് ഗൗരവമായി എടുത്തില്ലത്രേ