25 March, 2023 04:30:36 PM
രാഹുല്‍ വിഷയത്തില്‍ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഇടതു നേതാക്കൾ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സ്പീക്കറുടെ നടപടി വന്നതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഇടതു നേതാക്കൾ രാഹുലിന് തുറന്ന പിന്തുണ പ്രഖ്യാപിച്ച് ആദ്യമേ നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ തന്നെ രാഹുലിനെ പിന്തുണച്ചും മോദി ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനുവുമായാണ് രംഗത്ത് വന്നത്. അതേസമയം രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആദ്യ ഫേസ്ബുക്ക് കുറിപ്പില്‍ സംഘപരിവാര്‍ എന്നോ ബി ജെ പി എന്നോ മോദിയെന്നോ പരാമര്‍ശിക്കാതിരുന്നത് സിപിഎം അണികൾ സോഷ്യല്‍ മീഡിയയിൽ ആയുധമാക്കിയിരിക്കുകയാണ് ഇപ്പോൾ.
മുഖ്യമന്ത്രിയാകട്ടെ സംഘപരിവാറിനെതിരെ അതിശക്തമായ ആക്രമണം നടത്തുകയും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഫേസ്ബുക്ക് കുറിപ്പുകൾ സിപിഎം പ്രവർത്തകർ വലിയതോതിൽ പ്രചരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും അതോടൊപ്പം കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്യുക എന്നതാണ് പിണറായി വിജയനും സിപിഎമ്മും സ്വീകരിച്ച തന്ത്രം.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രാഹുലിനായി സിപിഎം തെരുവിലിറങ്ങുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. സംഘപരിവാറിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനെക്കാള്‍ ആത്മാര്‍ത്ഥത സിപിഎമ്മിനാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നാണ് സിപിഎം അണികൾ വാദിക്കുന്നത്.