16 November, 2022 01:21:34 PM
സുധാകരന്‍റെ രാജികത്ത് മാധ്യമങ്ങൾ പടച്ചുവിട്ട വാർത്ത; പച്ചക്കള്ളമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: സുധാകരൻ രാജികത്ത് നൽകിയെന്നത് മാധ്യമങ്ങൾ പടച്ചുവിട്ട വാർത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ശൂന്യകാശത്തു നിന്ന് കൊടുത്ത തെറ്റായ വാർത്തയാണത്. മാധ്യമങ്ങൾ നുണകൾ പ്രചരിപ്പിക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.
നേരത്തെയും ഇത്തരത്തിൽ വാർത്തകൾ വന്നിരുന്നു. സർക്കാരിനെ രക്ഷപ്പെടുത്താനുള്ള നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. സിപിഐഎം പ്രതികൂട്ടിൽ ആകുമ്പോഴാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നത്. സർക്കാരിനെതിരെ സമരം നടക്കുമ്പോൾ ഫോക്കസ് മാറ്റാനുള്ള ഉള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ പ്രസ്താവനകൾ വേറെ വിഷയം ആണ്. നാക്കു പിഴ എന്ന് വിശദീകരണം നൽകി. അത് പാർട്ടിയും നേതൃത്വവും സ്വീകരിച്ചു. എല്ലാവരുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ട്. ലീഗിന്റെ ആശങ്ക സ്വാഭാവികമാണ്. അത് പരിഹരിക്കുന്നതിനായി ലീഗുമായി സംസാരിച്ചിട്ടുണ്ട്. മതേതര നിലപാട് എല്ലാ കാലത്തും സ്വീകരിക്കുന്ന ആളാണ് സുധാകരനെന്നും വി.ഡി.സതീശൻ പറഞ്ഞു.