05 November, 2022 04:32:35 PM
വി സി നിയമനത്തിലും ഇത് തന്നെ നടന്നത്; ആര്യയുടെ നടപടിയില്‍ അത്ഭുതമില്ല - കെ. സുധാകരന്‍
തിരുവനന്തപുരം: നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് കടുത്ത നിയമലംഘനമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലും ഇത് തന്നെയാണ് നടക്കുന്നത്. അതിനാൽ ആര്യയുടെ നടപടിയില്‍ അത്ഭുതം തോന്നുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ അയച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ മാത്രമാണ് കത്തിനെക്കുറിച്ച് അറിഞ്ഞത്. കത്ത് വ്യാജമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ല. കത്ത് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പോലീസില്‍ പരാതി നല്‍കുമെന്നും ആനാവൂര്‍ പ്രതികരിച്ചു.