22 October, 2022 06:07:31 PM
കെ എസ് ആർ ടി സി ഡിപ്പോകളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ നടപടി
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡിപ്പോകളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ നടപടി. പൊതുപ്രവർത്തകനായ ജോണി ഏലിയാപുരം സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതു സ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട യൂണിയൻ പ്രതിനിധികൾക്ക് രേഖാമൂലം അറിയിപ്പ് നൽകാൻ ഡിപ്പോ മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെ എസ് ആർ റ്റി സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കെ എസ് ആർ റ്റി സി ഡിപ്പോകളിൽ കൊടി തോരണങ്ങൾ കെട്ടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടറുടെ വിശദീകരണം. ഇ എസ് 1/ O23318/2018 നമ്പർ മെമ്മോറാണ്ടം പ്രകാരമാണ് അറിയിപ്പ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിപ്പോയിൽ വിവിധ യൂണിയനുകൾ കെട്ടിയിരുന്ന കൊടികളും തോരണങ്ങളും ബോർഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.