08 July, 2020 06:40:13 PM


നുവാൽസിൽ നൈപുണ്യ അധിഷ്ഠിത പഠന രീതി ഈ അദ്ധ്യയന വർഷം മുതൽ



കൊച്ചി: പഠിതാക്കളുടെ നൈപുണ്യ വികസനത്തിനു പ്രാധാന്യം കൊടുക്കുന്ന  പുതിയ പഠന രീതി ഈ അദ്ധ്യയന  വർഷം മുതൽ എൽ.എൽ.ബി. തലത്തിൽ നുവാൽസിൽ നടപ്പിലാക്കും . അഭിഭാഷകർ, ന്യായാധിപർ , നിയമ  അദ്ധ്യാപകർ, ബിസിനസ് അഭിഭാഷകർ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ  നിയമ  ഉപദേശകർ, സാമൂഹ്യ സേവകർ തുടങ്ങി ഏതു മേഖലയിൽ പോയാലും നിയമം  ഫലപ്രദമായി കൈകാര്യം ചെയ്യാൻ  ആവശ്യമായ നൂറിൽപ്പരം  നൈപുണ്യങ്ങൾ ആർജ്ജിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ്   ഈ പഠന രീതിയുടെ ഉദ്ദേശ്യം. 


ഓരോ സെമസ്റ്ററിലും പത്തു മുതൽ പതിനഞ്ചു വരെ  നൈപുണ്യങ്ങളിൽ പ്രാവീണ്യം നേടുന്നതിനുള്ള  പരിപാടികൾ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും . അമേരിക്കൻ ബാർ അസോസിയേഷൻ, ലോക  ആരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ള നൈപുണ്യങ്ങൾ, വിദ്യാഭ്യാസ വിദഗ്ധരായ  ബഞ്ചമിൻ ബ്ലൂം , പൗലോ ഫ്രയർ, മാനവശേഷി വിദഗ്ധനായ  പോൾ ജി. സ്റ്റോഴ്സ്  എന്നിവരുടെ സിദ്ധാന്തങ്ങൾ ,  ഹാർവാർഡ് ലോ  സ്കൂൾ ഉൾപ്പെടെയുള്ള  ലോകോത്തര സർവകലാശാലകളിലെ  ബോധന  രീതികൾ എന്നിവ അടിസ്ഥാനടപ്പെുത്തിയാണ് പുതിയ പഠന രീതി വിഭാവനം ചെയ്തിരിക്കുന്നത്.  


നുവാൽസ് വൈസ് ചാൻസലർ ഡോ കെ . സി. സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന അക്കാഡമിക്ക് കൗൺസിൽ യോഗത്തിൽ  ഒറീസ നിയമ സർവകലാശാല വൈസ് ചാൻസിലർ  ഡോ ശ്രീകൃഷ്ണ റാവു , മഹാരാഷ്ട്ര നിയമ സർവകലാശാല വൈസ് ചാൻസിലർ ഡോ . വിജന്ദർ കുമാർ, ഓസ്മാനിയ സർവകലാശാല നിയമ വിഭാഗം ഡീൻ ഡോ . ജി. ബി.റെഡ്ഡി, മൈസൂർ സർവകലാശാല നിയമ വിഭാഗം ഡീൻ പ്രൊഫ  സി. ബസവരാജു, ഹൈക്കോടതി അഭിഭാഷകരായ ഡോ കെ ബി. ഇബ്രാഹിംകുട്ടി , അഡ്വ നാഗരാജ് നാരായൺ , കുസാറ്റ്  നിയമ  വകുപ്പ്അദ്ധ്യക്ഷ ഡോ . വാണി കേസരി , നുവാൽസ് അധ്യാപകർ ആയ ഡോ . ഷീബ. എസ്. ധർ, ഡോ . ജേക്കബ് ജോസഫ്, രജിസ്‌ട്രാർ എം.ജി. മഹാദേവ് എന്നിവർ പങ്കെടുത്തു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K