01 June, 2020 08:03:47 PM


ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് എം.ജി. സർവകലാശാല ബിരുദ പരീക്ഷകൾ പുനരാരംഭിച്ചു

ആറാം സെമസ്റ്ററിൽ പരീക്ഷയെഴുതിയത് മൊത്തം 38,801 പേർ



കോട്ടയം: കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ പുനരാരംഭിച്ചു. ആറാം സെമസ്റ്റർ ബിരുദം(റഗുലർ/പ്രൈവറ്റ്) പരീക്ഷകളാണ് ലോക്ഡൗൺ നിർദേശങ്ങൾ കർശനമായി പാലിച്ച് ഇന്നലെ(ജൂൺ 1) വിജയകരമായി പുനരാരംഭിച്ചത്. രാവിലെ സപ്ലിമെന്ററി പരീക്ഷകളും ഉച്ചകഴിഞ്ഞ് റഗുലർ/പ്രൈവറ്റ് പരീക്ഷകളുമാണ് നടന്നത്. സർവകലാശാലയ്ക്കു കീഴിൽ വരുന്ന അഞ്ചു ജില്ലകളിലെ കോളജുകളിലെ പരീക്ഷകേന്ദ്രങ്ങൾക്കൊപ്പം ലോക്ഡൗൺ മൂലം വിവിധ ജില്ലകളിൽ കുടുങ്ങിയവർക്ക് അതത് ജില്ലകളിലും ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് കവരത്തിയിലും പരീക്ഷ എഴുതുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് കോളജുകൾ പരീക്ഷ നടത്തിയത്.


29709 റഗുലർ വിദ്യാർഥികളും 9092 പ്രൈവറ്റുകാരുമാണ് പരീക്ഷയെഴുതിയത്. വിവിധ ജില്ലകളിലെയും ലക്ഷദ്വീപിലെയും പ്രത്യേക പരീക്ഷ കേന്ദ്രങ്ങളിലൂടെ 2136 പേർ പരീക്ഷയെഴുതി. ഏറ്റവുമധികം പേർ പരീക്ഷയെഴുതിയത് ആലപ്പുഴ ജില്ലയിലെ പരീക്ഷകേന്ദ്രങ്ങളിലാണ്, 513 പേർ. തിരുവനന്തപുരം-72, കൊല്ലം-161, പത്തനംതിട്ട-137, കോട്ടയം- 150, എറണാകുളം-206, ഇടുക്കി-380, തൃശൂർ-103, പാലക്കാട്-36, കോഴിക്കോട്-65, മലപ്പുറം-53,  വയനാട് -39, കണ്ണൂർ-122, കാസർഗോഡ്-45 എന്നിങ്ങനെയാണ് മറ്റു പരീക്ഷ കേന്ദ്രങ്ങളിലെ കണക്ക്. ലക്ഷദ്വീപിൽ 54 പേർ പരീക്ഷയെഴുതി. 


ചോദ്യപേപ്പർ ഓൺലൈൻ ട്രാൻസ്മിഷനിലൂടെ കോളജുകളിൽ എത്തിക്കുന്ന സംവിധാനം സർവകലാശാല നേരത്തേ നടപ്പാക്കിയിരുന്നതിനാൽ പരീക്ഷ നടത്തിപ്പ് സുഗമമായി. പരീക്ഷ നടത്തിപ്പിനായി വിവിധ കേന്ദ്രങ്ങളിൽ സർവകലാശാല ജീവനക്കാരെ നിയോഗിച്ചിരുന്നു. പരീക്ഷ നടത്തിപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽമാരുമായി വൈസ് ചാൻസലർ വീഡിയോ കോൺഫറൻസ് നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. വൈസ് ചാൻസലറുടെയും പ്രോവൈസ് ചാൻസലറുടെയും പരീക്ഷ കൺട്രോളറുടെയും നേതൃത്വത്തിൽ അവധിദിവസങ്ങളായ ശനിയും ഞായറും രാത്രിയിലടക്കം പരീക്ഷ ഭവൻ പ്രവർത്തിച്ചാണ് പരീക്ഷ നടത്തിപ്പ് സുഗമമാക്കിയത്.


പരീക്ഷകൾ സുഗമമായി പുനരാരംഭിക്കുന്നതിന് സഹകരിച്ച എല്ലാവരെയും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അഭിനന്ദിച്ചു. ഏറ്റുവമധികം പേർ പരീക്ഷയെഴുതിയ ആലപ്പുഴ ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങളായ എസ്.ഡി. കോളജിലെയും ചേർത്തല നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലെയും തയാറെടുപ്പുകൾ സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. പി.കെ. പദ്മകുമാർ, ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ് എന്നിവർ നേരിട്ട് വിലയിരുത്തി. ജൂൺ എട്ടിന് അഞ്ചാം സെമസ്റ്റർ യു.ജി. പ്രൈവറ്റ് (സി.ബി.സി.എസ്. 2017 അഡ്മിഷൻ) പരീക്ഷകൾ ആരംഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K