09 June, 2020 09:36:58 PM


എം.ജി. രാജ്യാന്തര നിലവാരത്തിലേക്ക്; 132.75 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് ഭരണാനുമതി

ആദ്യഘട്ടത്തിൽ 75 കോടി രൂപ ചെലവഴിക്കും, നിർമ്മിക്കുന്നത് കേന്ദ്രീകൃത ലബോറട്ടറി കോംപ്ലക്‌സ്



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയെ അക്കാദമിക ഗവേഷണ രംഗത്ത് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 132.75 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി സെനറ്റ് യോഗം. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സെനറ്റ് യോഗത്തിൽ പി. പത്മകുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സർവകലാശാല ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ സ്‌പെഷൽ പർപ്പസ് വെഹിക്കിളായി കിറ്റ്‌കോയെ നിയോഗിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്.


പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 75 കോടി രൂപയാണ് ചെലവഴിക്കുക. ഇതിൽ 51.25 കോടി രൂപ കേന്ദ്രീകൃത ലബോറട്ടറി കോംപ്ലക്‌സ് കെട്ടിടനിർമ്മാണത്തിനും ബാക്കി തുക ലബോറട്ടറി ഉപകരണങ്ങൾക്ക് വിനിയോഗിക്കാനുമാണ് അനുമതി. പഴയ പരീക്ഷഭവൻ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ലാബ് സമുച്ചയം നിർമ്മിക്കുക.


സർവകലാശാല ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ സെക്രട്ടേറിയറ്റ് പാറ്റേൺ അനുസരിച്ച് എല്ലാ തസ്തികകൾക്കും ബാധകമാക്കുക, മോഡൽ 2 ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച വിദ്യാർഥികൾക്ക് സ്‌കൂളിൽ അധ്യാപകരാകാനുള്ള അവസരം നിഷേധിക്കുന്ന സാഹചര്യം മറികടക്കാൻ അഡീഷണൽ ക്രെഡിറ്റ് നൽകുന്ന രീതിയിൽ പ്രാക്ടിക്കലോടുകൂടി കോംപ്ലിമെന്ററി കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തണം, അധ്യാപകരുടെ സ്ഥാനക്കയറ്റ നടപടികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് നടപടിയെടുക്കണം, സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുക, 2020-21 അധ്യയന വർഷത്തിൽ എയ്ഡഡ് കോളേജുകളിൽ എയ്ഡഡ് കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെടുക, ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന് കൂടുതൽ ക്രിയാത്മക നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങൾ യോഗം പാസാക്കി.


ഓൺലൈൻ പഠനം, സാധ്യതകൾ എന്നിവ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡോ. എസ്. അനസ് അവതരിപ്പിച്ച പ്രമേയവും യോഗം പാസാക്കി. പി. പത്മകുമാർ, ഡോ. വർഗീസ് കെ. ചെറിയാൻ, ജേക്കബ് സി. നൈനാൻ എന്നിവരും പ്രമേയങ്ങൾ അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ട്, ഫിനാൻഷ്യൽ എസ്റ്റിമേറ്റ്, വാർഷിക അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് റിപ്പോർട്ട് എന്നിവ യോഗത്തിൽ സമർപ്പിച്ചു. കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് യോഗം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K