11 June, 2020 07:53:45 PM


എൻ‌ഐആർ‌എഫ് റാങ്കിംഗ്: അമൃത വിശ്വവിദ്യാപീഠം രാജ്യത്തെ നാലാമത്തെ മികച്ച സർവകലാശാല



കൊല്ലം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംങ് ഫ്രയിം വര്‍ക്കിന്റെ (എൻ‌ഐആർ‌എഫ് റാങ്കിംഗ്) മികച്ച സർവകലാശാല പട്ടികയിൽ നാലാം സ്ഥാനം നേടി അമൃത വിശ്വവിദ്യാപീഠം. മെഡിക്കൽ വിഭാഗത്തിൽ കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിന് ഏഴാം സ്ഥാനവും ലഭിച്ചു. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാലാണ് 2020 ലെ റാങ്കിംഗ് പുറത്തിറക്കിയത്.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ജവഹർലാൽ നെഹ്‌റു സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല എന്നീ സ്ഥാപനങ്ങളാണ് ആദ്യത്തെ മികച്ച മൂന്ന് സർവ്വകലാശാലകൾ. 2019 ൽ അമൃത എട്ടാം സ്ഥാനത്തെത്തിയിരുന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും അമൃതയും മാത്രമാണ് എൻജിനീയറിങ് വിഭാഗത്തിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഉൾപ്പെട്ട രണ്ട് സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾ 

ഓവറോൾ, സർവകലാശാലകൾ, എഞ്ചിനീയറിങ്, കോളജുകൾ, മാനേജ്​മെൻറ്​, ഫാർമസി, മെഡിക്കൽ, ആർകിടെക്ച്ചർ, നിയമം തുടങ്ങി ഒമ്പത് വിഭാഗങ്ങളിലായാണ്​ റാങ്കിങ് പ്രഖ്യാപിച്ചത്​.​ അധ്യാപനം, പഠനവും വിഭവങ്ങളും, ബിരുദം, ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്​ റാങ്കിങ്​ നടത്തിയത്​. ഓവറോൾ വിഭാഗത്തിൽ പതിമൂന്നാം സ്ഥാനമാണ് അമൃത സർവ്വകലാശാല നേടിയത്. ഡെന്റൽ വിഭാഗത്തിൽ പതിമൂന്നാം സ്ഥാനവും, ഫാർമസി വിഭാഗത്തിൽ പതിനഞ്ചാം സ്ഥാനവുമാണ് ലഭിച്ചത്.


അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മറ്റു സഹപ്രവർത്തകരുടെയും പരിശ്രമങ്ങളുടെ ഫലമാണ് ഈ അംഗീകാരമെന്നും യൂണിവേഴ്സിറ്റിയുടെ അക്കാദമിക് മികവ്, മികച്ച ഫാക്കൽറ്റി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അംഗീകരിച്ചതിൽ സന്തുഷ്ടനാണെന്നും അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി വെങ്കട്ട് രംഗൻ പറഞ്ഞു. ഈ ബഹുമതി നൽകിയതിൽ കേന്ദ്ര സർക്കാരിനോട് ആത്മാർത്ഥമായി നന്ദിയർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ മാതാ അമൃതാനന്ദമയിദേവിയാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാൻസലർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K