01 June, 2020 07:55:17 PM


എം.ജി.ക്കു കീഴിലുള്ള കോളജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് നിർദേശം

സെമസ്റ്ററുകളിലെ പാഠഭാഗങ്ങൾ ഓൺലൈൻ ക്ലാസിലൂടെ പൂർത്തീകരിക്കണം



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ഇതിനാവശ്യമായ അടിയന്തര നടപടികൾ കോളജുകൾ സ്വീകരിക്കണം. രാവിലെ 8.30നും ഉച്ചകഴിഞ്ഞ് 1.30 ഇടയിലാണ് ക്ലാസുകൾ നടത്തേണ്ടത്.


ഓൺലൈൻ ക്ലാസുകൾക്കായി എൻ.ഐ.സി. വീഡ്യോ പ്ലാറ്റ്‌ഫോം (NIC Vidyo), സൂം(Zoom), ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീം, വെബക്‌സ് (Webex)തുടങ്ങിയ വിവിധ വീഡിയോ കോൺഫറൻസിങ് സങ്കേതങ്ങൾ ഉപയോഗിക്കാം. വിദ്യാർഥികളുടെ എണ്ണമനുസരിച്ച് സ്ഥാപനമേധാവികൾ/അധ്യാപകർക്ക് ഓൺലൈൻ സോഫ്റ്റ്‌വേർ സംബന്ധിച്ച തീരുമാനമെടുക്കാം. സംസ്ഥാന കൊളജിയറ്റ് എജ്യൂക്കേഷന്റെ ഒറൈസ് (ORICE), അസാപ് (ASAP), ഐ.സി.റ്റി. അക്കാദമി എന്നിവയുടെ സാങ്കേതിക സംവിധാനങ്ങൾ ഓൺലൈൻ പാഠ്യപ്രവർത്തനത്തിന് സൗജന്യമായി ഉപയോഗിക്കാം.


ഈ അധ്യയന വർഷം(2020-21) കോളജുകളിലെ ക്ലാസുകളുടെ സമയക്രമം രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയായിരിക്കും. അന്തർ ജില്ല ഗതാഗതം പുനരാരംഭിക്കുംവരെ കോളജുകളിൽ സ്ഥിതി ചെയ്യുന്ന ജില്ലയിൽ താമസിക്കുന്ന നിശ്ചിത എണ്ണം അധ്യാപകർ പ്രസിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ വ്യവസ്ഥയിൽ ഹാജരായും അല്ലാത്തവർ വീടുകളിലിരുന്നും ഓൺലൈൻ ക്ലാസുകൾ നടത്തണം. വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ കൃത്യതയോടെ പങ്കെടുക്കുന്നുണ്ടെന്നത് അധ്യാപകർ ഉറപ്പുവരുത്തണം. അതത് സെമസ്റ്ററുകളിൽ പഠിപ്പിക്കുന്നതിന് ശേഷിക്കുന്ന പാഠഭാഗങ്ങൾ ഓൺലൈൻ ക്ലാസ് വഴി പൂർത്തീകരിക്കണം.


വെബ്‌സൈറ്റ് മുഖേന ക്ലാസുകളുടെ വീഡിയോയും ലഭ്യമാക്കാവുന്നതാണ്. അധ്യാപകർ എടുത്ത ക്ലാസുകൾ സംബന്ധിച്ചും അധ്യാപന രീതി സംബന്ധിച്ചുമുള്ള റിപ്പോർട്ട് ആഴ്ചയിലൊരിക്കൽ വകുപ്പുമേധാവികൾ പ്രിൻസിപ്പലിന് നൽകണം. പ്രിൻസിപ്പൽമാർ ഇവ ക്രോഡീകരിച്ച് സൂക്ഷിക്കണം. സർവകലാശാല അക്കാദമിക കലണ്ടർ പ്രകാരം ക്ലാസുകൾ നടക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യപ്രവർത്തനങ്ങൾ സുഗമമായി പുനരാരംഭിക്കാൻ കഴിയുന്നതുവരെ ഓൺലൈനായി ക്ലാസുകൾ നടത്തണം. അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വൈസ് ചാൻസലർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K