28 January, 2020 06:06:23 PM


രാജ്യാന്തര അക്കാദമിക സഹകരണത്തിനൊരുങ്ങി എം.ജി.യും മലേഷ്യ ലിങ്കൺ സർവകലാശാലയും

ഗവേഷണ-അക്കാദമിക-കായിക മേഖലയിൽ സംയുക്ത പദ്ധതികൾ



കോട്ടയം: ഗവേഷണ-അക്കാദമിക-കായിക മേഖലയിൽ സഹകരണത്തിനൊരുങ്ങി മഹാത്മാ ഗാന്ധി സർവകലാശാലയും മലേഷ്യയിലെ ലിങ്കൺ സർവകലാശാല കോളേജും. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള രാജ്യാന്തര അക്കാദമിക സഹകരണത്തിന് ധാരണാപത്രം ഒപ്പിട്ടു. സംയുക്ത പിഎച്ച്.ഡി.-പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളും അധ്യാപക, വിദ്യാർഥി കൈമാറ്റ പരിപാടിയും ഇതിന്റെ ഭാഗമായി നടക്കും.


 ഹ്രസ്വകാല നൈപുണ്യ/കരിയർ സർട്ടിഫിക്കറ്റ് - ഡിപ്ലോമ പ്രോഗ്രാമുകൾ ആരംഭിക്കും. സംയുക്ത ഗവേഷണ പദ്ധതികളും പഠനങ്ങളും പ്രസിദ്ധീകരണങ്ങളും സാധ്യമാകും. സംയുക്ത സമ്മേളനങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. രാജ്യാന്തര അക്രഡിറ്റേഷനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കും. സംയുക്ത സാംസ്‌കാരിക-കായിക പരിപാടികൾ സംഘടിപ്പിക്കാനും ധാരണയായി. സർവകലാശാല മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ലിങ്കൺ സർവകലാശാല കോളേജ് വൈസ് ചാൻസലർ ഡോ. അമിയ ഭൗമികും എം.ജി. സർവകലാശാല രജിസ്ട്രാർ പ്രൊഫ. കെ. സാബുക്കുട്ടനും ധാരണാപത്രത്തിൽ ഒപ്പിട്ടു.


അക്കാദമിക ഗവേഷണരംഗത്ത് രാജ്യാന്തര നേട്ടങ്ങൾ കൈവരിക്കാൻ പരസ്പര സഹകരണം വഴിതെളിക്കുമെന്ന് അധ്യക്ഷത വഹിച്ച വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ്, ലിങ്കൺ സർവകലാശാല കോളേജ് അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. ജ്യോതിസ് കുമാർ, മുൻ രജിസ്ട്രാർ ഡോ. ജോസ് ജെയിംസ് എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K