27 June, 2019 08:42:04 PM
എം ജി യൂണിവേഴ്സിറ്റിയില്‍ 15 പുതിയ തൊഴിലധിഷ്ഠിത ഹ്രസ്വകാല പാർട്ട് ടൈം സർട്ടിഫിക്കറ്റ് - ഡിപ്ലോമ പ്രോഗ്രാമുകൾ
ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം ... ഉയർന്ന പ്രായപരിധിയില്ല, റഗുലർ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും ചേരാം ... പ്രോഗ്രാമുകൾ നടത്തുന്നത് പ്രമുഖ പഠനവകുപ്പുകളുമായി ചേർന്ന് ... ക്ലാസുകൾ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും ...
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പുതുതായി ആരംഭിക്കുന്ന 15 തൊഴിലധിഷ്ഠിത, ന്യൂജനറേഷൻ അപ്ലൈഡ് ഹ്രസ്വകാല പാർട്ട്‌ടൈം സർട്ടിഫിക്കറ്റ്, പി.ജി. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന് (ഡി.എ.എസ്.പി.) കീഴിലാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകളും ആരംഭിക്കുന്നതെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. അപ്ലൈഡ് ഹ്രസ്വകാല പാർട്ട്‌ടൈം സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് എം.ജി.
സർവകലാശാലയിലെ എട്ട് പഠനവകുപ്പുകളുമായും അഞ്ച് ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ചാണ് പ്രോഗ്രാമുകൾ നടത്തുക. ഉയർന്ന പ്രായപരിധിയില്ലാത്ത എല്ലാവർക്കും പഠിക്കാൻ കഴിയുന്ന നിലയിലാണ് റഗുലർ-പാർട്ട്ടൈം ഓൺ കാമ്പസ് പ്രോഗ്രാമുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും പ്രോഗ്രാമിന് ചേരാം. പഠിതാക്കൾക്ക് സൗകര്യപ്രദമായ സമയത്താണ് ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അവധിക്കാലത്ത് നിശ്ചിത മണിക്കൂർ ക്ലാസുകളുള്ള ക്രാഷ് കോഴ്‌സ് രീതിയിലുള്ള പ്രോഗ്രാമുകളുമുണ്ട്.
ആധുനിക വിവര-സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടുള്ള പഠനവും മൂല്യനിർണയ സംവിധാനവുമാണ് പ്രത്യേകത. ഏറ്റവും കുറഞ്ഞ ഫീസുകളാണ് കോഴ്‌സുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്നും വൈസ് ചാൻസലർ പറഞ്ഞു. പ്രഗത്ഭരായ അധ്യാപകരും വിദഗ്ധരുമാണ് ക്ലാസുകൾ എടുക്കുക. രാജ്യാന്തര ഗവേഷണ സംഘടനകളുമായും പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായും സഹകരണത്തിനുള്ള നടപടികൾ നടന്നുവരുന്നു. ഒരു സെമസ്റ്ററിൽ പൂർത്തീകരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 16 ക്രെഡിറ്റാണുള്ളത്. 32 ക്രെഡിറ്റുള്ള ഡിപ്ലോമ കോഴ്സുകൾക്ക് രണ്ട് സെമസ്റ്ററുണ്ട്. എട്ട് പോയിന്റ് സ്‌കെയിലിലുള്ള ഗ്രേഡിംഗ് സംവിധാനമാണ് പ്രോഗ്രാമുകൾക്കുള്ളത്.
ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്സൽ), എക്സ്ട്രൂഡർ ഓപ്പറേറ്റർ ഫോർ പോളിമർ ഇൻഡസ്ട്രി ആപ്ലിക്കേഷൻ, ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്നോളജീസ്, ഫിലിം-കൾച്ചർ ആന്റ് സൊസൈറ്റി, വേസ്റ്റ് മാനേജ്മെന്റ്, വാട്ടർ ഹാർവെസ്റ്റിംഗ് ആന്റ് മാനേജ്മെന്റ്, പേരന്റിംഗ് സൈക്കോളജി, ഇവന്റ് മാനേജ്മെന്റ് എന്നീ ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. 10/12-ാം ക്ലാസ്/തത്തുല്യ വിജയമാണ് യോഗ്യത. ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെതേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, ഇമോഷണൽ ഇന്റലിജൻസ് എന്നീ പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകളുടെ കാലാവധി ആറ് മാസമാണ്. അംഗീകൃത ബിരുദമാണ് യോഗ്യത.
കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ ഡിപ്ലോമ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. പ്ലസ്ടു/തത്തുല്യ വിജയമാണ് യോഗ്യത. ഒരു വർഷത്തെ ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ പി.ജി. ഡിപ്ലോമ കോഴ്സാണുള്ളത്. അംഗീകൃത ബിരുദമാണ് യോഗ്യത. www.dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 21ന് വൈകീട്ട് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ഈ വർഷം അപേക്ഷ നൽകുന്നതിലെ സീനിയോരിറ്റി അനുസരിച്ചാണ് പ്രവേശനം. ഫീസടക്കമുള്ള വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731066. ഡി.എ.എസ്.പി. ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ്, പി.ആർ.ഒ. എ. അരുൺ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.