13 June, 2019 06:19:25 PM
എം ജി ഡിഗ്രി: ഏകജാലകം രണ്ടാം അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചു; ജൂൺ 17 ന് മുമ്പ് പ്രവേശനം നേടണം
കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാല ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി ജൂൺ 17ന് വൈകീട്ട് 4.30നകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. ജൂൺ 17നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല.
അപേക്ഷകർ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്റിൽ മാറ്റം വരാം. ഇങ്ങനെ മാറ്റം ലഭിച്ചാൽ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യ അലോട്ട്മെന്റ് നഷ്ടപ്പെടും. ഇപ്രകാരം മാറ്റം ലഭിക്കുന്നവർ വീണ്ടും ഫീസടയ്ക്കേണ്ടതില്ല.
ജൂൺ 18ന് ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ സൗകര്യം ലഭിക്കും. നിലവിൽ അലോട്‌മെന്റ് ലഭിച്ചവർ ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന പക്ഷം അലോട്‌മെന്റ് ലഭിച്ച കോളേജിൽ താത്കാലികമായി പ്രവേശനം നേടേണ്ടതാണ്. ഒന്നാം അലോട്ട്മെന്റിൽ ലഭിച്ച സ്റ്റാറ്റസ് തന്നെയാണ് രണ്ടാം അലോട്ട്മെന്റിലും കാണിക്കുന്നതെങ്കിൽ അതേ കോളേജിൽ പ്രവേശനത്തിന് വീണ്ടും റിപ്പോർട്ട് ചെയ്യേണ്ടതില്ല. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച വിവരങ്ങൾ cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.