27 April, 2019 02:57:36 PM
ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരാക്കരുത്; ബസ് ഓപ്പറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങൾ
തിരുവനന്തപുരം: സ്വകാര്യ ബസ് ഓപ്പറേറ്റമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സംസ്ഥാന സർക്കാർ. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്നു മാസത്തിലൊരിക്കൽ സർവ്വീസ് വിവരങ്ങള്‍ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നൽകണമെന്നതുമടക്കം കർശന നിർദ്ദേശങ്ങളാണ് ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ ഇറക്കിയ സർക്കുലറിൽ ഉള്ളത്.
കെഎസ്ആർടിസി - സ്വകാര്യബസ് സ്റ്റാന്‍റുകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ബുക്കിംഗ് കേന്ദ്രങ്ങളോ സ്വകാര്യ വാഹന പാർക്കിംഗോ പാടില്ല. ഓരോ 50 കിലോമീറ്റർ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്ക് വാഹനം നിർത്തണം. ഏജൻസി ലൈസൻസ് ലഭിക്കണമെങ്കിൽ ഇനി പൊലീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഏജൻസി ലൈസൻസിന്‍റെ പൂർണ വിവരങ്ങള്‍ ഓഫീസിനു മുന്നിൽ പ്രദർശിപ്പിക്കണം. 18 വയസ്സുകഴിഞ്ഞ ക്രമിനൽ പശ്ചാത്തലമില്ലാത്തവർക്ക് മാത്രമേ ലൈസൻസ് നൽകുകയുളളൂ. ടിക്കറ്റിൽ ബസ് ജീവനക്കാരുടെ വിവരങ്ങളും മോട്ടോർ വാഹന ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നമ്പറും ഉണ്ടാകണം.
യാത്രക്കാരുടെ ലഗേജല്ലാതെ മറ്റ് സാധനങ്ങള്‍ ബസ്സിൽ കടത്താൻ പാടില്ല. ഏജൻസിയുടെ ഓഫീസിൽ ശുചിമുറിയും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കണം. വാഹനം കേടായാൽ പകരം യാത്രാസൗകര്യമൊരുക്കാൻ ഏജൻസി ബാധ്യസ്ഥരാണെന്നും ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ ഇറക്കിയ സർക്കുലർ നിഷ്കർഷിക്കുന്നു.