08 December, 2025 01:20:55 PM
നടന്നത് എന്റെ ജീവിതവും ഇമേജും തകർക്കാനുള്ള ഗൂഢാലോചന; മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വെറുതെവിട്ടതിന് പിന്നാലെ മുന്‍ ഭാര്യ മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ വിമർശനവുമായി ദിലീപ്. 'സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചത്.' എന്നായിരുന്നു വിധി കേട്ട് കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ദിലീപിന്‍റെ പ്രതികരണം.
കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനും ക്രിമിനല്‍ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ദിലീപ് പറഞ്ഞു.
പൊലീസ് സംഘം ഉണ്ടാക്കിയ എല്ലാ കള്ളക്കഥകളും കോടതിയില്‍ തകർന്ന് വീണെന്നും ദിലീപ് അവകാശപ്പെട്ടു. യഥാർത്ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നു. തന്‍റെ ജീവിതവും കരിയറുമൊക്കെ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തത്. തന്നെ പിന്തുണച്ചവർക്കും കോടതിയില്‍ തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകർക്കും നന്ദി പറയുന്നുവെന്നും ദിലീപ് കോടതി വളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഗൂഡാലോചനക്കുറ്റം തെളിയിക്കപ്പെടാതിരുന്നതിനെ തുടർന്നാണ് ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു നടന്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനി ഉള്‍പ്പെടേയുള്ള ഒന്നുമുതല്‍ ആറ് വരേയുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.







