08 December, 2025 11:14:58 AM
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തൻ; ആദ്യ ആറ് പ്രതികൾ കുറ്റക്കാർ

കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി. ബലാത്സക്കേസിൽ ഒന്നു മുതൽ ആറുവരെ പ്രതികളും കുറ്റക്കാരെന്ന് കോടതി. എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തൻ ആണെന്നും കോടതി വിധി. ഒന്നു മുതൽ ആറുവരെയുള്ള പ്രതിക്കൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ വിധി പറഞ്ഞത്.
ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഒന്നുമുതൽ ആറുവരെ പ്രതികൾക്കും എട്ടാം പ്രതി ദിലീപിനുമെതിരെ ചുമത്തിയത്.
ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിലൂടെ കുപ്രസിദ്ധി നേടിയ കേസിൽ നടൻ ദിലീപ് അടക്കം പത്ത് പേരെയാണ് പ്രതി ചേർത്തത്. സുനിൽ എൻ.എസ്. എന്ന പൾസർ സുനി, മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, സലിം എച്ച് എന്ന വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി. ഗോപാലകൃഷ്ണൻ എന്ന ദിലീപ്, സനിൽ കുമാർ എന്ന് മേസ്തിരി സനിൽ, ശരത് ജി. നായർ എന്നിവരാണ് കേസിലെ പ്രതികൾ. വിധി ദിനത്തിൽ എല്ലാ പ്രതികളും എറണാകുളം സെഷൻസ് കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും ഹാജരാകണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.







