25 November, 2025 12:58:51 PM


നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബർ 8 ന്. ദിലീപ് അടക്കമുള്ള കേസിലെ എല്ലാ പ്രതികളും വിധി ദിനത്തില്‍ ഹാജരാകണം. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേരളത്തെ നടുക്കിയ സംഭവത്തില്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വരുന്നത്. ജയിലിലായിരുന്ന പള്‍സര്‍ സുനി 2024 സെപ്റ്റംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടിയത്.

കേസില്‍ രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് നടൻ ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ടെന്നാണ് സൂചന.

2020 ജനുവരിയിലാണ് കേസിൻ്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കുന്നത്. 2017 നവംബറിൽ കേസിൻ്റെ കുറ്റപത്രം സമ‍ർപ്പിച്ചിരുവെങ്കിലും കേസിൻ്റെ വിചാരണ നടപടികൾ ആരംഭിക്കുന്നത് 2020 ജനുവരി 30നാണ്. ഈ കേസിൽ 1600 രേഖകളാണ് പൊലീസ് കൈമാറിയിരുന്നത്. 260 സാക്ഷികളെ കേസിൽ വിസ്തരിച്ചിട്ടുണ്ട്. 

കേസിൽ 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K