28 November, 2025 12:12:50 PM
ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല?; അതിജീവിതയെ അപമാനിച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയെ അപമാനിച്ച് മുൻ വനിതാ ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വർണക്കൊള്ള മറയ്ക്കാനാണോ പരാതിയെന്നാണ് ആർ ശ്രീലേഖയുടെ പ്രതികരണം. ബിജെപിയെ വെട്ടിലാക്കി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ചാണ് മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. മുമ്പുംം സമാനമായ സംഭവങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം ഇവർ നടത്തിയിരുന്നു. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ ശ്രീലേഖ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല?
ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി?
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?
അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ശ്രീലേഖ രംഗത്തെത്തി. സാധാരണ ജനത്തിന് തോന്നുന്ന സംശയങ്ങളാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. പൊലീസിന് നേരത്തെ സ്വമേധയാ കേസെടുക്കാമായിരുമായിരുന്നു. വൈകിയതിലെ പ്രതിഷേധമാണ് സൂചിപ്പിച്ചത്. താൻ എപ്പൊഴും ഇരയ്ക്കൊപ്പം.
സ്വർണ്ണകൊള്ള കേസിൽ അട്ടിമറിക്കാൻ ആണോ ഇപ്പൊഴത്തെ നീക്കം എന്നത് ആരുടെയും സംശയമാണ്. പൊലീസിന് FIR നേരത്തെ ഇടാമായിരുന്നു. നടിയെ ആക്രമിച്ച കേസിൽ താൻ ഇരയ്കൊപ്പമായിരുന്നു. അന്ന് താൻ ചെയ്തത് ജയിലിൽ എല്ലാവർക്കും ചെയ്തു നൽകുന്ന സൗകര്യം.. നിർഭയ നോഡൽ ഓഫീസറായിരുന്നയാളാണ് താൻ. എപ്പോഴും താൻ ഇരയ്കൊപ്പമെന്നും ആർ.ശ്രീലേഖ പറഞ്ഞു.







