07 December, 2025 12:08:33 PM


ശബരിമല കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധം- രമേശ് ചെന്നിത്തല



തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും കോൺ​ഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് അയച്ച കത്തിലാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു.


സംസ്ഥാനത്തെ ചില വ്യവസായികൾക്കും ശബരിമല സ്വർണ്ണക്കൊള്ളയുമായി പങ്കുണ്ടെന്നും ചെന്നിത്തല കത്തിൽ ആരോപിക്കുന്നു. ഇന്നലെയാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകിയത്. പുരാവസ്തു സാധനങ്ങൾ മോഷ്ടിച്ച് കരിച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സംഘങ്ങളെ കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാം. ഇയാൾ പൊതുജനത്തിന് മുന്നിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നൽകാൻ തയ്യാറാണ്.


താൻ സ്വതന്ത്രമായി പരിശോധിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പുരാവസ്തുസംഘങ്ങൾ അന്വേഷണത്തിന്‍റെ പരിധിയിൽ വരണമെന്നും രമേശ് ചെന്നിത്തലയുടെ കത്തിൽ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926