01 December, 2025 02:56:16 PM
പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്: മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ കോടതിയിൽ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ ബോധപൂര്‍വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്ന് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. ഇരയുടെ ഐഡന്റിറ്റി മനപ്പൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കിൽ പങ്ക് വച്ചിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു.







